തിരുവനന്തപുരം:  നെയ്യാറ്റിന്‍കരയില്‍ ഭിന്നശേഷിക്കാരനും കിടപ്പുരോഗിയുമായ വയോധികനെ വീട്ടിനുള്ളില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി. നെയ്യാറ്റിന്‍കര മണവാരി സ്വദേശി ജാനദാസ് എന്ന ഗോപി(72)യെയാണ് കഴുത്തറുത്ത് കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഗോപിയുടെ ഭാര്യ സുമതി(67)യെ മാരായമുട്ടം പോലീസ് കസ്റ്റഡിയിലെടുത്തു. അബോധാവസ്ഥയില്‍ കണ്ടെത്തിയ ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

മകന്‍ സുനില്‍ദാസ് നിര്‍മിക്കുന്ന പുതിയ വീടിന്റെ സമീപത്തുള്ള ഒറ്റമുറി കെട്ടിടത്തിലാണ് ഗോപിയും സുമതിയും താമസിച്ചിരുന്നത്. രാവിലെ സുനില്‍ദാസ് ഭക്ഷണവുമായി എത്തിയപ്പോഴാണ് ഗോപിയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. സുമതിയെ വീടിന് സമീപത്ത കുളക്കരയില്‍ അബോധാവസ്ഥയിലും കണ്ടെത്തി. 

ശരീരത്തിന്റെ ഒരുഭാഗം തളര്‍ന്ന ഗോപി പത്ത് വര്‍ഷമായി കിടപ്പിലായിരുന്നു. കഴിഞ്ഞ ആറ് മാസമായി കാഞ്ഞാംപുറത്തെ മകളുടെ വീട്ടിലാണ് ദമ്പതിമാര്‍ താമസിച്ചിരുന്നത്. അടുത്തിടെയാണ് പുതിയ വീടിന്റെ ഗൃഹപ്രവേശന ചടങ്ങുമായി ബന്ധപ്പെട്ട് മകന്‍ ഇവരെ മണിവാരിയിലേക്ക് കൂട്ടിക്കൊണ്ടുവന്നത്. 

വീട്ടിനുള്ളില്‍നിന്ന് കൊലപാതകത്തിന് ഉപയോഗിച്ച കത്തി കണ്ടെടുത്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. സുമതിയെ കൂടുതല്‍ ചോദ്യംചെയ്താല്‍ മാത്രമേ കൊലയ്ക്ക് പിന്നിലെ യഥാര്‍ഥ കാരണം വ്യക്തമാവുകയുള്ളൂവെന്നും പോലീസ് അറിയിച്ചു. 

Content Highlights: old man killed in neyyatinkara thiruvananthapuram his wife in police custody