കട്ടപ്പന: പുറ്റടിയില്‍ വയോധികന്‍ കൊല്ലപ്പെട്ട കേസില്‍ സഹോദരന്‍ അറസ്റ്റില്‍. പുറ്റടി ചിറയന്‍മാലിയില്‍ ഐപ്പ് വര്‍ക്കി(69)യെ കൊലപ്പെടുത്തിയ പാലക്കാട് മുണ്ടൂര്‍ അത്തിപ്പാടം വേലിക്കാട്ട് ചിറയന്‍മാലിയില്‍ സി.വി.തോമസിനെ(മത്തന്‍-67) യാണ് പോലീസ് അറസ്റ്റുചെയ്തത്.

സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് ഐപ്പിനെ തോമസ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഞായറാഴ്ച രാവിലെ കട്ടിലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഐപ്പിന്റെ മൃതദേഹപരിശോധന നടത്തിയപ്പോഴാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. തുടര്‍ന്ന് പോലീസ് നിരീക്ഷണത്തിലായിരുന്ന തോമസിനെ ബുധനാഴ്ച അറസ്റ്റുചെയ്യുകയായിരുന്നു.

കുടുംബത്തോടൊപ്പം പാലക്കാട് താമസിക്കുന്ന തോമസ് മാര്‍ച്ച് 20-നാണ് മാതാവും ഐപ്പും താമസിക്കുന്ന വീട്ടില്‍ എത്തിയത്. തുടര്‍ന്ന് മാതാവിന്റെ പേരിലുള്ള സ്വത്തില്‍ ഇയാള്‍ അവകാശം ഉന്നയിച്ചപ്പോള്‍ ഐപ്പ് വിസമ്മതിച്ചു. പുറത്തേക്കു പോയ തോമസ് മദ്യം വാങ്ങിക്കൊണ്ടുവന്ന് ഐപ്പിനൊപ്പമിരുന്ന് മദ്യപിച്ചു.

തുടര്‍ന്ന് മദ്യലഹരിയില്‍ ഉറങ്ങിപ്പോയ ഐപ്പിനെ ശനിയാഴ്ച പുലര്‍ച്ചെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. കേള്‍വിക്ക് തകരാറുള്ളതിനാല്‍ മാതാവ് ഇക്കാര്യം അറിഞ്ഞില്ല. അതിനുശേഷം ഒന്നുമറിയാത്ത പോലെ കിടന്നുറങ്ങിയ പ്രതി രാവിലെ ചെല്ലാര്‍കോവിലുള്ള സഹോദരന്റെ വീട്ടിലേക്കുപോയി.

മദ്യലഹരിയില്‍ ഐപ്പ് ഉറങ്ങുകയാണെന്ന ധാരണയിലായിരുന്നു മാതാവ്. ഞായറാഴ്ച രാവിലെയായിട്ടും ഉണരാതെ വന്നതോടെ അയല്‍വാസികളെ കൂട്ടി പരിശോധിച്ചപ്പോഴാണ് മരിച്ച നിലയില്‍ കണ്ടത്. കട്ടപ്പന ഡിവൈ.എസ്.പി. എന്‍.സി.രാജ്മോഹന്‍, കമ്പംമെട്ട് സി.ഐ. ജി.സുനില്‍കുമാര്‍, എസ്.ഐ.മാരായ പി.എസ്.നൗഷാദ്, ബിജു ജോസഫ്, എസ്.സി.പി.ഒ. ജോസഫ് തോമസ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Content Highlights: old man killed by his brother in kattappana idukki