നഗരൂര്‍(തിരുവനന്തപുരം): മൊബൈല്‍ ഫോണ്‍ നന്നാക്കി നല്‍കാന്‍ വൈകിയതിന് കടയിലുണ്ടായിരുന്നവരെ വെട്ടിപ്പരിക്കേല്പിച്ചുവെന്ന കേസില്‍ വയോധികനെ നഗരൂര്‍ പോലീസ് അറസ്റ്റുചെയ്തു.

വെള്ളല്ലൂര്‍ ശിവന്‍മുക്കില്‍ മാഹീന്‍ മന്‍സിലില്‍ ഫസിലുദ്ദീനെ(67)യാണ് അറസ്റ്റുചെയ്തത്. നഗരൂര്‍ കവലയിലെ മൊബൈല്‍ ഷോപ്പില്‍ ഫസിലുദ്ദീന്റെ ഫോണ്‍ നന്നാക്കാന്‍ നല്കിയിരുന്നു. തിങ്കളാഴ്ച തിരികെ വാങ്ങാനെത്തിയപ്പോള്‍ റിപ്പയറിങ് കഴിഞ്ഞിട്ടില്ലെന്ന് കടയിലുണ്ടായിരുന്നവര്‍ പറഞ്ഞു.

ഇതില്‍ പ്രകോപിതനായ ഇയാള്‍ പുറത്തുപോയി വെട്ടുകത്തിയുമായി വന്ന് കടയിലുണ്ടായിരുന്നവരെ വെട്ടിപ്പരിക്കേല്പിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. പ്രതിയെ റിമാന്‍ഡ് ചെയ്തു.