തെങ്കര: മക്കളില്ലാത്ത വൃദ്ധദമ്പതിമാരുടെ ബാങ്ക് അക്കൗണ്ടില്‍നിന്ന് പണം തട്ടിയെടുത്ത് പ്രതി വിദേശത്തേക്ക് കടന്നതായി പരാതി.

തെങ്കര ചിറപ്പാടം കങ്കുമാരെവീട്ടില്‍ രാമകൃഷ്ണന്റെയും ഭാര്യ ചിന്നമ്മാളുവിന്റെയും പേരിലുള്ള ഏഴുലക്ഷം രൂപയാണ് സഹായത്തിനായിനിന്ന മുന്‍ പൊതുമേഖലാബാങ്ക് ജീവനക്കാരന്‍ തട്ടിയെടുത്തതായി ദമ്പതിമാര്‍ മണ്ണാര്‍ക്കാട് പോലീസില്‍ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ തെങ്കര ചിറപ്പാടം രമേശിനെതിരേ മണ്ണാര്‍ക്കാട് എസ്.ഐ.യുടെ നേതൃത്വത്തില്‍ കേസന്വേഷണം ആരംഭിച്ചു.

വൃദ്ധ ദമ്പതിമാരുമായി അടുപ്പത്തിലായിരുന്ന യുവാവാണ് ആശുപത്രിയില്‍ കൊണ്ടുപോകാനും മറ്റും ഇവരെ സഹായിച്ചിരുന്നത്. ബാങ്കിലേക്കും ദമ്പതിമാരെ കൊണ്ടുപോയിരുന്നു. ഇവിടെനിന്ന് ചെക്കും ഒപ്പും ഉപയോഗിച്ച് പൊതുമേഖലാ ബാങ്കിലെയും സഹകരണ ബാങ്കിലെയും നിക്ഷേപം തട്ടിയെടുക്കയായിരുന്നു എന്നാണ് പരാതി.

കഴിഞ്ഞദിവസം ആശുപത്രിയില്‍ പോകാനായി ദമ്പതിമാര്‍ പണമെടുക്കാനായി ബാങ്കില്‍ ചെന്നപ്പോഴാണ് പണം നഷ്ടമായവിവരം അറിയുന്നത്.തുടര്‍ന്ന്, സഹകരണ ബാങ്കിലെ അക്കൗണ്ടിലും പണം നഷ്ടപ്പെട്ടതായി അറിഞ്ഞു. തൊഴിലുറപ്പ് ജോലിയില്‍നിന്ന് കിട്ടിയ വരുമാനവും കൃഷിപ്പണി ചെയ്തും കന്നുകാലികളെ വിറ്റുകിട്ടിയ പണവുമാണ് നഷ്ടപ്പെട്ടതെന്ന് രാമകൃഷ്ണന്‍ പറഞ്ഞു.

ഇടപാടുകാരുടെ പരാതിയെത്തുടര്‍ന്ന് പൊതുമേഖലാബാങ്കില്‍നിന്നും ഇയാളെ നേരത്തേതന്നെ ഒഴിവാക്കിയിരുന്നു. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് പറഞ്ഞു.