കണ്ണൂർ: സിനിമയിൽ അഭിനയിക്കാൻ അവസരം നൽകാമെന്ന വാഗ്ദാനത്തിൽ വിശ്വസിച്ച് പണം നൽകി കബളിപ്പിക്കപ്പെട്ടവർ നിരവധി. പേരാവൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ഒരു സംഘത്തിന്റെ കബളിപ്പിക്കലിന് ഇരയായവർ പത്രസമ്മേളനത്തിൽ നടത്തിയ വെളിപ്പെടുത്തലിനെത്തുടർന്നാണ് സമാന അനുഭവങ്ങൾ പലരും പുറത്ത് പറയാൻ തുടങ്ങിയത്. മാനക്കേടുകൊണ്ട് ഒന്നും വെളിപ്പെടുത്താത്തവരാണ് ഏറെയും.

പേരാവൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഭീഷ്മ കലാസാംസ്കാരിക വേദിയുടെ പ്രവർത്തകരെന്ന് പരിചയപ്പെടുത്തി, സിനിമയിൽ അവസരം നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽനിന്നും പണം തട്ടിയ മൂന്നുപേർക്കെതിരെ കൂത്തുപറമ്പ് പോലീസ് കേസെടുത്തു.

ചോതി രാജേഷ് (മട്ടന്നൂർ ഉരുവച്ചാൽ), മോദി രാജേഷ് (കോളയാട്), മനോജ് താഴെപ്പുരയിൽ (പേരാവൂർ) എന്നിവർക്കെതിരെയാണ് വഞ്ചനാക്കുറ്റത്തിന് കേസെടുത്തത്. കൂത്തുപറമ്പ് ഡിവൈ.എസ്.പി.ക്ക് ലഭിച്ച പരാതിയിലാണ് നടപടി. പ്രതിസ്ഥാനത്തുള്ളവരെ വിളിച്ചുവരുത്തി ചോദ്യം ചെയ്തെന്നും അന്വേഷണം തുടരുകയാണെന്നും കേസന്വേഷിക്കുന്ന കൂത്തുപറമ്പ് സി.ഐ. സുനിൽകുമാർ അറിയിച്ചു. തെളിവുകൾ ശേഖരിച്ചു വരികയാണ്.

11 പേരാണ് പോലീസിൽ പരാതി നൽകിയത്. എന്നാൽ ഇരിട്ടി, പേരാവൂർ, മട്ടന്നൂർ ഭാഗങ്ങളിലുള്ള ഒട്ടേറെപ്പേരിൽനിന്ന് ഇവർ പണം തട്ടിയതായി പോലീസ് പറഞ്ഞു. പലരും പരാതി നൽകിയിട്ടില്ല.

'ഓർമയിൽ' എന്നപേരിൽ നിർമിക്കുന്ന സിനിമയിൽ അഭിനയിക്കാൻ അവസരം വാഗ്ദാനംചെയ്ത് 10,000 രൂപ മുതൽ രണ്ടേ മുക്കാൽ ലക്ഷം രൂപ വരെ നൽകിയവരാണ് പരാതി നൽകിയത്. തിരക്കഥാകൃത്ത്, സംവിധായകൻ, പ്രൊഡക്ഷൻ കൺട്രോളർ എന്നീ നിലകളിലാണ് ഇവർ പരിചയപ്പെടുത്തിയത്.

ബോബൻ ആലുംമൂടൻ എന്ന സീരിയൽ നടനെ ഈ സംഘം കൊണ്ടുവന്നിരുന്നു. കുറേപ്പേരെവെച്ച് എന്തൊക്കെയോ ഷൂട്ടിങ്ങും നടത്തി. ബോബൻ ആലുംമൂടന്റെ മകനായി തന്റെ മകന് അഭിനയിക്കാൻ അഞ്ചുലക്ഷം രൂപയാണ് ആവശ്യപ്പെട്ടതെന്ന് പരാതിക്കാരിൽ ഒരാളായ യുവതി പറഞ്ഞു. 10,000 രൂപയാണ് നൽകിയത്.

സിനിമയുടെ പേരിൽ പണം പിടുങ്ങിയവർക്കും സിനിമയിൽ ചാൻസ് കിട്ടും എന്നറിഞ്ഞപ്പോൾ ഒന്നും ആലോചിക്കാതെ പണം നൽകിയവർക്കും സിനിമയെക്കുറിച്ച് ഒന്നും അറിയില്ലെന്നാണ് പ്രാഥമികാന്വേഷണത്തിൽ വ്യക്തമായതെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു.

സിനിമയിൽ അവസരം വാഗ്ദാനംചെയ്ത് ഒട്ടേറെപ്പേർ നേരത്തേയും കബളിപ്പിക്കപ്പെട്ടിരുന്നു. പണം തട്ടിയെടുക്കുന്നതിന് പുറമെ, മറ്റു ചൂഷണവും ഇവരുടെ ലക്ഷ്യമാണ്. ഇത്തരത്തിൽ ചൂഷണത്തിന് ഇരയായവർ ഒട്ടേറെയുണ്ടെങ്കിലും മാനഹാനി ഭയന്ന് ആരും പരാതി നൽകാറില്ലെന്ന് പോലീസ് വൃത്തങ്ങൾ പറയുന്നു.

സിനിമയിൽ അവസര വാഗ്ദാനത്തിലൂടെ പഴയങ്ങാടി സ്വദേശിയായ ഒരാൾ തട്ടിയെടുത്തത് കോടികളാണ്. മൂന്ന് സിനിമകളുടെ പേരിലാണ് ഇയാൽ പണം തട്ടിയത്.

കുറേ മുമ്പ് ഷോർട്ട് ഫിലിം നിർമിക്കുന്നവരുടെ സംഘടന (ഫെഫോ)യുടെ ഭാരവാഹികൾ എന്നപേരിൽ ചിലർ കണ്ണൂരിലെത്തി വാട്സാപ്പ് വഴി കുറേ അഭിനയമോഹികളെ വിളിച്ചു ചേർത്തിരുന്നു. എറണാകുളത്ത് സംസ്ഥാന കൺവെൻഷനും വിളിച്ചു. നാനൂറിലധികം പേർ യോഗത്തിനെത്തി. അംഗത്വഫീസ് എന്ന നിലയിൽ ഓരോരുത്തരിൽനിന്നും 250 രൂപ വീതം പിരിച്ചു. സിനിമാതാരങ്ങളുടെ സംഘടനയായ 'അമ്മ'യെപ്പോലെ ഒരു സംഘടന രൂപവത്‌കരിക്കുമെന്നാണ് അവർ പ്രഖ്യാപിച്ചിരുന്നത്.

എന്നാൽ അംഗത്വഫീസ് അടച്ചവർക്ക് റസീറ്റ് പോലും ഇതുവരെ നൽകിയിട്ടില്ലെന്ന് ആ യോഗത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടയാൾ വെളിപ്പെടുത്തി. ഫീച്ചർ സിനിമ നിർമിക്കുന്നതിന്റെ ഓഹരിയെന്ന പേരിലും വൻതോതിൽ പണം പിരിച്ചു. ഓഹരിക്കായി പണം നൽകിയവരും കബളിപ്പിക്കപ്പെട്ടു.