ഭുവനേശ്വർ: വായ്പ തിരിച്ചടവ് മുടങ്ങിയതോടെ യുവാവ് വായ്പ നൽകിയ ബാങ്കുകൾ തന്നെ കൊള്ളയടിച്ചു. ഒഡീഷയിലെ വസ്ത്രവ്യാപാരിയായ സൗമ്യരഞ്ജൻ ജെന(25)യാണ് രണ്ട് ബാങ്കുകളിൽനിന്നായി 12 ലക്ഷം രൂപ കൊള്ളയടിച്ചത്. ദിവസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ പ്രതിയെ പിടികൂടിയതായും 10 ലക്ഷം രൂപ ഇയാളിൽനിന്ന് കണ്ടെടുത്തതായും ഭുവനേശ്വർ-കട്ടക്ക് പോലീസ് കമ്മീഷണർ സുധാൻസു സാരങ്കി പറഞ്ഞു.

ഭുവനേശ്വർ ഇൻഫോസിറ്റിക്ക് സമീപത്തെ ഇന്ത്യൻ ഓവർസീസ് ബാങ്കിലും മഞ്ചേശ്വറിലെ ബാങ്ക് ഓഫ് ഇന്ത്യ ശാഖയിലുമാണ് യുവാവ് പട്ടാപ്പകൽ കവർച്ച നടത്തിയത്. സെപ്റ്റംബർ ഏഴാം തീയതി ഇന്ത്യൻ ഓവർസീസ് ബാങ്കിലായിരുന്നു ആദ്യ കൊള്ള. ഹെൽമെറ്റ് ധരിച്ച് ബാങ്കിലെത്തിയ ജെന കളിത്തോക്ക് ചൂണ്ടി ജീവനക്കാരെ ഭീഷണിപ്പെടുത്തിയാണ് പണം കവർന്നത്. ശേഷം സ്കൂട്ടറിൽ സ്ഥലം കാലിയാക്കുകയും ചെയ്തു. ഈ സംഭവത്തിൽ അന്വേഷണം തുടരുന്നതിനിടെയാണ് സെപ്റ്റംബർ 28-ന് മഞ്ചേശ്വറിലെ ബാങ്കിലും കൊള്ള നടന്നത്. ആദ്യത്തെ കവർച്ചയ്ക്ക് ശേഷം യഥാർഥ തോക്കും വെടിയുണ്ടകളും ഇയാൾ സ്വന്തമാക്കിയിരുന്നു. സമാനരീതിയിൽ ജീവനക്കാരെ ഭീഷണിപ്പെടുത്തിയായിരുന്നു രണ്ടാമത്തെ കവർച്ചയും.

സ്കൂട്ടർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെക്കുറിച്ച് പോലീസിന് നിർണായക വിവരങ്ങൾ ലഭിച്ചത്. തുടർന്ന് ഭുവനേശ്വറിന് സമീപത്തെ ഗ്രാമത്തിൽനിന്ന് ഇയാളെ പിടികൂടുകയായിരുന്നു.

യൂട്യൂബ് വീഡിയോകളിൽനിന്നാണ് ബാങ്ക് കൊള്ളയടിക്കാനുള്ള ആശയം ലഭിച്ചതെന്നായിരുന്നു പ്രതിയുടെ മൊഴി. വസ്ത്രവ്യാപാരിയായ ജെനയ്ക്ക് ഇതേ ബാങ്കുകളിൽ അക്കൗണ്ടുകളുണ്ട്. നേരത്തെ ബിസിനസ് ആവശ്യങ്ങൾക്കായി 19 ലക്ഷത്തോളം രൂപ ഈ ബാങ്കുകളിൽനിന്ന് വായ്പ എടുക്കുകയും ചെയ്തിരുന്നു. നല്ലരീതിയിൽ ബിസിനസ് മുന്നോട്ടുപോകുന്നതിനിടെയാണ് ലോക്ക്ഡൗൺ ചതിച്ചത്. ഇതോടെ വായ്പ തിരിച്ചടവ് മുടങ്ങുകയും ബാങ്ക് കൊള്ളയടിക്കാൻ തീരുമാനിക്കുകയുമായിരുന്നു. കവർച്ചയ്ക്ക് ശേഷം ജെന വായ്പ തിരിച്ചടവിനായി ബാങ്കിൽ വന്നിരുന്നതായും പോലീസ് പറഞ്ഞു.

Content Highlights:odisha man looted money from two banks