മുംബൈ: സിനിമാനടിക്ക് വാട്സാപ്പിൽ അശ്ലീല വീഡിയോ കോൾ വന്ന സംഭവത്തിൽ മുംബൈ പോലീസ് കേസെടുത്തു. നടി നേരിട്ടെത്തി പരാതി നൽകിയതോടെയാണ് മുംബൈ വെർസോവ പോലീസ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.

വെള്ളിയാഴ്ചയാണ് സിനിമ നടിയായ യുവതിക്ക് വാട്സാപ്പിൽ അശ്ലീല വീഡിയോ കോളുകൾ വന്നത്. മൊബൈൽ നമ്പറിനൊപ്പം ബ്രിട്ടനിലെ കൺട്രി കോഡ് ആണ് ഉണ്ടായിരുന്നത്. ആദ്യ രണ്ട് തവണ കോളുകൾ സ്വീകരിക്കാതിരുന്ന നടി മൂന്നാം തവണ കോൾ എടുത്തു. എന്നാൽ കോൾ സ്വീകരിച്ച ഉടൻ ഒരാൾ സ്വയംഭോഗം ചെയ്യുന്ന ദൃശ്യങ്ങളാണുണ്ടായിരുന്നത്. തുടർന്ന് തന്റെ ഫോണിന്റെ ക്യാമറ മറച്ചുവെച്ച നടി, ഇയാളുടെ വീഡിയോ കോളിന്റെ സ്ക്രീൻ ഷോട്ടുകൾ പകർത്തുകയായിരുന്നു. ഇതിനുപിന്നാലെ കോൾ കട്ട് ചെയ്ത് സംഭവം വിശദീകരിച്ച് ഈ സ്ക്രീൻഷോട്ടുകൾ സഹിതം ട്വീറ്റ് ചെയ്തു. മുംബൈ പോലീസിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് അടക്കം ടാഗ് ചെയ്തായിരുന്നു ട്വീറ്റ്.

കോൾ കട്ട് ചെയ്തെങ്കിലും ഇയാൾ വാട്സാപ്പിൽ തുടരെ തുടരെ സന്ദേശങ്ങൾ അയച്ചെന്നും നടിയുടെ പരാതിയിലുണ്ട്. ട്വീറ്റ് ശ്രദ്ധയിൽപ്പെട്ടതോടെ ഇയാൾ വാട്സാപ്പിലൂടെ ക്ഷമ ചോദിച്ചെന്നും നടി പറയുന്നു. നടിയുടെ പേരുള്ള സുഹൃത്താണെന്ന് കരുതിയാണ് വീഡിയോ കോൾ ചെയ്തതെന്നായിരുന്നു ഇയാളുടെ വാദം. തുടർന്ന് നടി പരാതിയുമായി പോലീസ് സ്റ്റേഷനിലെത്തിയപ്പോൾ മറ്റൊരു പെൺകുട്ടിയുമായുള്ള അശ്ലീല വീഡിയോയും ഇയാൾ വാട്സാപ്പിൽ അയച്ചു.

കഴിഞ്ഞവർഷവും തനിക്ക് സമാനരീതിയിലുള്ള ദുരനുഭവം ഉണ്ടായതായി നടി പോലീസിനോട് പറഞ്ഞിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം ഊർജിതമാക്കിയതായും മൊബൈൽ നമ്പറിന്റെ ഉടമയെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും പോലീസ് അറിയിച്ചു.

Content Highlights:obscene whatsapp video call actor filed complaint