കരുനാഗപ്പള്ളി : ഫെയ്സ്ബുക്ക് മെസഞ്ചറിലൂടെ സ്ത്രീകള്‍ക്ക് അശ്ലീല വീഡിയോ അയച്ചുകൊടുത്ത യുവാവ് പോലീസ് പിടിയിലായി.

പാലക്കാട് ചെര്‍പ്പുളശ്ശേരിയില്‍ താമസിക്കുന്ന കരുനാഗപ്പള്ളി കുലശേഖരപുരം കോട്ടയ്ക്കുപുറം തേവലശ്ശേരിമുക്കിനു സമീപം പീടികത്തറയില്‍ ഷറഫുദ്ദീന്‍ എന്ന് വിളിക്കുന്ന സൈനുദ്ദീന്‍കുട്ടി(39)യാണ് അറസ്റ്റിലായത്.

സാമൂഹികമാധ്യമങ്ങളിലൂടെ സ്ത്രീകളെ സൗഹൃദത്തിലാക്കി അവരുമായി ചാറ്റ് ചെയ്ത് അശ്ലീല സന്ദേശങ്ങളും വീഡിയോകളും അയയ്ക്കുകയായിരുന്നു ഇയാളുടെ പതിവെന്ന് സൈബര്‍ പോലീസ് അറിയിച്ചു.

അശ്ലീല വീഡിയോ ലഭിച്ച കരുനാഗപ്പള്ളി സ്വദേശിനി ജില്ലാ പോലീസ് മേധാവി ടി.നാരായണന് നല്‍കിയ പരാതിയിലാണ് അറസ്റ്റ്. കൊല്ലം സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. അന്വേഷണത്തില്‍ ഇയാള്‍ വിദേശത്തുവെച്ച് സൃഷ്ടിച്ച സ്ത്രീയുടെ പേരിലുള്ള വ്യാജ പ്രൊഫൈല്‍ ഉപയോഗിച്ചാണ് സ്ത്രീകളുമായി സൗഹൃദമുണ്ടാക്കിയതെന്ന് വ്യക്തമായി. തുടര്‍ന്ന് ഇയാളെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

ഇയാളുടെ ഫോണില്‍ നടത്തിയ പരിശോധനയില്‍ കേരളത്തില്‍ നൂറുകണക്കിന് സ്ത്രീകളുമായി ഇയാള്‍ക്ക് സാമൂഹികമാധ്യമങ്ങളിലൂടെ ബന്ധമുണ്ടെന്നു കണ്ടെത്തി. ജില്ലാ പോലീസ് മേധാവി ടി.നാരായണന്റെ നിര്‍ദേശപ്രകാരം സി ബ്രാഞ്ച് എ.സി.പി. സോണി ഉമ്മന്‍ കോശിയുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എച്ച്.മുഹമ്മദ് ഖാന്‍, എസ്.ഐ.മാരായ മനാഫ്, അജിത്ത്, എ.എസ്.ഐ. എ.നിയാസ്, എസ്.സി.പി.ഒ.മാരായ അരുണ്‍, സതീശ്, രാജിമോള്‍ എന്നിവും അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു. ഇയാളെ റിമാന്‍ഡ് ചെയ്തു.