ചെന്നൈ: തമിഴര്‍ മുന്നേറ്റ പടയുടെ വനിതാനേതാവിന് അശ്ലീല സന്ദേശങ്ങളയച്ചയാളെ ചെന്നൈ പോലീസ് മലപ്പുറത്തുനിന്ന് അറസ്റ്റ് ചെയ്തു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ചെന്നൈ പല്ലാവരം മണ്ഡലത്തില്‍നിന്ന് മത്സരിച്ച വീരലക്ഷ്മിയുടെ പരാതിയില്‍ അരിയല്ലൂര്‍ സ്വദേശി ആരോഗ്യസാമിയാണ് (35) പിടിയിലായത്. ഇയാളുടെ മൊബൈല്‍ ഫോണ്‍ പോലീസ് പിടിച്ചെടുത്തു.

10 വര്‍ഷത്തിലേറെയായി ഇയാള്‍ കേരളത്തില്‍ പല ഭാഗങ്ങളില്‍ തങ്ങി കിണര്‍ കുഴിക്കുന്ന ജോലി ചെയ്തുവരുകയാണെന്ന് പോലീസ് പറഞ്ഞു. ഫെയ്സ്ബുക്കില്‍നിന്ന് പ്രതി സ്ത്രീകളുടെ ഫോണ്‍ നമ്പര്‍ കൈക്കലാക്കി അവര്‍ക്ക് അശ്ലീല സന്ദേശങ്ങളയച്ചിരുന്നു. 

തിരഞ്ഞെടുപ്പില്‍ നിന്നപ്പോള്‍ വീരലക്ഷ്മി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച മൊബൈല്‍ നമ്പറിലേക്കും പ്രതി അശ്ലീല സന്ദേശങ്ങളും വീഡിയോകളും അയച്ചു. ഇത് പതിവായതോടെ വീരലക്ഷ്മി പോലീസില്‍ പരാതിപ്പെടുകയായിരുന്നു. തുടര്‍ന്ന് ശങ്കര്‍ നഗര്‍ പോലീസ് ഫോണ്‍ നമ്പര്‍ പിന്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. വീരലക്ഷ്മിയുടെ ഫോണ്‍ നമ്പര്‍ ഫെയ്സ്ബുക്കില്‍നിന്ന് എടുത്തതാണെന്ന് പ്രതി സമ്മതിച്ചു.