കൊല്ലം: പെണ്‍കുട്ടികള്‍ക്ക് ഇന്‍സ്റ്റാഗ്രാമില്‍ അശ്ലീലസന്ദേശമയച്ച കേസിലെ പ്രതി പിടിയിലായി. തൃശ്ശൂര്‍ വടക്കാഞ്ചേരി ഓട്ടുപാറ അനുഗ്രഹ ഓഡിറ്റോറിയത്തിനുസമീപം ഹൈബാസ് ബില്‍ഡിങ്ങില്‍ സംഗീത്കുമാറിനെ(25)യാണ് തിങ്കളാഴ്ച വടക്കാഞ്ചേരിയിലെത്തി ശക്തികുളങ്ങര പോലീസ് പിടികൂടിയത്.

മകളുടെ ഫോണില്‍ അശ്ലീലസന്ദേശമയച്ചയാള്‍ക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മാസങ്ങളായി പോലീസ് സ്റ്റേഷനുകള്‍ കയറിയിറങ്ങിയിട്ടും പ്രതിയെ പിടികൂടാത്തതിനാല്‍ മാതാവ് പോലീസ് കമ്മിഷണര്‍ ഓഫീസിനുസമീപം റെയില്‍വേ ട്രാക്കില്‍ ആത്മഹത്യക്കൊരുങ്ങിയിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. കുഴഞ്ഞുവീണ മാതാവിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് നിരീക്ഷണത്തിനുശേഷമാണ് വീട്ടിലേക്ക് വിട്ടത്. നടപടിയെടുക്കാമെന്ന പോലീസിന്റെ ഉറപ്പിനെത്തുടര്‍ന്ന് അന്വേഷണം ഊര്‍ജിതമാക്കുകയായിരുന്നു.

നേരത്തേ പ്രതിയെത്തേടി പോലീസ് പോയിരുന്നെങ്കിലും ഒളിവിലായതിനാല്‍ കണ്ടെത്താനായില്ല. മൊബൈല്‍ ഫോണ്‍ പിന്തുടര്‍ന്ന് കണ്ടെത്താന്‍ ശ്രമം നടത്തിയെങ്കിലും അതും വിജയിച്ചില്ല. ഫെബ്രുവരിയിലാണ് ബിരുദവിദ്യാര്‍ഥിനിക്കും ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയായ അനുജത്തിക്കും ഇന്‍സ്റ്റാഗ്രാമില്‍ അശ്ലീലസന്ദേശം അയച്ചത്. അക്കൗണ്ട് ബ്ലോക്ക് ചെയ്തപ്പോള്‍ വിവിധ വ്യാജ അക്കൗണ്ടുകളില്‍നിന്ന് തുടര്‍ച്ചയായി സന്ദേശങ്ങള്‍ വന്നുകൊണ്ടിരുന്നു. ഫെബ്രുവരി 27-ന് സ്‌ക്രീന്‍ ഷോട്ടുകള്‍ സഹിതം സൈബര്‍ സെല്ലിലടക്കം പരാതിയായി നല്‍കി. തുടര്‍ന്ന് മുഖ്യമന്ത്രി, ഡി.ജി.പി., വനിതാ കമ്മിഷന്‍ എന്നിവര്‍ക്കും പരാതി നല്‍കിയിരുന്നു. ജൂലായ് ആയിട്ടും നടപടിയുണ്ടാകാത്തതിനെത്തുടര്‍ന്നാണ് മാതാവ് ജീവനൊടുക്കാനൊരുങ്ങിയതും പോലീസെത്തി പിടിച്ചുമാറ്റിയതും.

കംപ്യൂട്ടര്‍ ഡിപ്ലോമ കഴിഞ്ഞ സംഗീത് നിരവധി പെണ്‍കുട്ടികളുമായി ഇത്തരത്തില്‍ ചാറ്റ് ചെയ്യുന്നുണ്ടെന്നു പോലീസ് പറഞ്ഞു. ആദ്യമായാണ് പിടിയിലാകുന്നത്. ഫോണ്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ശാസ്ത്രീയ പരിശോധനകള്‍ക്കയയ്ക്കും. ഐ.ടി.ആക്ടും ഇന്ത്യന്‍ ശിക്ഷാനിയമം 354-ാം വകുപ്പ് പ്രകാരവുമാണ് കേസെടുത്തത്. എസ്.എച്ച്.ഒ. യു.ബിജു, എ.എസ്.ഐ. പ്രദീപ്, എസ്.സി.പി.ഒ. ബിജു, സി.പി.ഒ. മനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പിന്നീട് ജാമ്യത്തില്‍ വിട്ടു.