തിരുവനന്തപുരം:  ഗവ. മെഡിക്കല്‍ കോളേജിലെ വനിതാ ഹോസ്റ്റല്‍ പരിസരത്ത് സാമൂഹികവിരുദ്ധരുടെ ശല്യമെന്ന് പരാതി. ഹോസ്റ്റലിന് സമീപം നഗ്നതാപ്രദര്‍ശനം നടത്തുന്നത് ഉള്‍പ്പെടെയുള്ള സംഭവങ്ങളിലാണ് വിദ്യാര്‍ഥികള്‍ പരാതി ഉന്നയിച്ചിരിക്കുന്നത്. കഴിഞ്ഞദിവസം നഗ്നതാപ്രദര്‍ശനം നടത്തിയയാളെ വിദ്യാര്‍ഥികള്‍ തന്നെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചിരുന്നു. 

ഹോസ്റ്റലിന് സമീപത്ത് ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആദ്യമല്ലെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് ഒരാള്‍ ഓട്ടോയിലെത്തി ഹോസ്റ്റലിന് മുന്നില്‍ നഗ്നതാപ്രദര്‍ശനം നടത്തുകയും പരസ്യമായി അശ്ലീലചേഷ്ടകള്‍ കാണിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ സുരക്ഷാജീവനക്കാരനെ വിവരമറിയിച്ചതോടെ ഇയാള്‍ ഓട്ടോയുമായി കടന്നുകളഞ്ഞു. ഇതിനുപിന്നാലെയാണ് കഴിഞ്ഞദിവസത്തെ സംഭവമുണ്ടായത്. 

ഹോസ്റ്റല്‍ പരിസരത്തെ സാമൂഹികവിരുദ്ധ ശല്യത്തെക്കുറിച്ച് പലതവണ അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെങ്കിലും നടപടിയെടുത്തിട്ടില്ലെന്നാണ് വിദ്യാര്‍ഥികളുടെ ആരോപണം. ഹോസ്റ്റല്‍ പരിസരത്ത് മതിയായ സുരക്ഷാജീവനക്കാരെ നിയമിക്കണം, ക്യാമറകളും ലൈറ്റുകളും സ്ഥാപിക്കണം തുടങ്ങിയവയാണ് വിദ്യാര്‍ഥികളുടെ ആവശ്യം. ഇക്കാര്യത്തില്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് എസ്.എഫ്.ഐ. യൂണിറ്റ് കമ്മിറ്റിയും വ്യക്തമാക്കി. അതേസമയം, ഹോസ്റ്റല്‍ പരിസരത്തെ സുരക്ഷ വര്‍ധിപ്പിക്കാന്‍ നടപടിയെടുത്തിട്ടുണ്ടെന്നും വിദ്യാര്‍ഥികള്‍ക്ക് ഇതുസംബന്ധിച്ച് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നുമാണ് പ്രിന്‍സിപ്പലിന്റെ വിശദീകരണം.