കൊച്ചി: 'പ്രാങ്ക് വീഡിയോ' പിടിക്കാനായി പൊതുവഴിയില്‍ സ്ത്രീകള്‍ക്കു നേരേ അശ്ലീല ചേഷ്ടകള്‍ കാണിച്ചതിന് ചിറ്റൂര്‍ റോഡ് വലിയപറമ്പില്‍ ആകാശ് സൈമണ്‍ മോഹനെ (26) എറണാകുളം നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തു.

എറണാകുളം കച്ചേരിപ്പടി ജങ്ഷനിലാണ് ഇയാള്‍ സ്ത്രീകളെ ശല്യപ്പെടുത്തുംവിധം അശ്ലീല ചേഷ്ടകളും ആംഗ്യങ്ങളും കാണിക്കുകയും അടുത്തുചെന്ന് അരോചകമായി സംസാരിക്കുകയും ചെയ്തത്.

സ്ത്രീകളുടെ പ്രതികരണമടക്കം സുഹൃത്തുക്കള്‍ മറഞ്ഞുനിന്ന് വീഡിയോയിലാക്കും. സ്ത്രീകളെ അപമാനിക്കുന്ന തരത്തില്‍ പ്രാങ്ക് വീഡിയോ പിടിച്ച് യൂട്യൂബില്‍ അപ്ലോഡ് ചെയ്യുകയാണ് ആകാശ് സൈമണ്‍ ചെയ്തിരുന്നതെന്ന് പോലീസ് പറഞ്ഞു. എറണാകുളത്ത് വിവിധ ഭാഗങ്ങളില്‍നിന്ന് ഇയാള്‍ വിഡീയോ ചിത്രീകരിച്ചിട്ടുണ്ട്. 

'ഡിസ്റ്റര്‍ബിങ് ദി ഫീമെയില്‍സ് -കേരള പ്രാങ്ക്' എന്ന തലക്കെട്ടില്‍ രണ്ട് വീഡിയോ തന്റെ യൂട്യൂബ് ചാനലില്‍ ആകാശ് അപ്ലോഡ് ചെയ്തിട്ടുണ്ട്. ഇത് നീക്കംചെയ്യാനുള്ള നടപടികള്‍ പോലീസ് ആരംഭിച്ചു. വീഡിയോ ചിത്രീകരിക്കാന്‍ സഹായിച്ച ആകാശിന്റെ സുഹൃത്തുക്കള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പ്രാങ്ക് വീഡിയോ

തമാശ രൂപത്തിലോ ഹാസ്യ പരിപാടികള്‍ക്കായോ ഒരുക്കുന്ന കുസൃതിത്തരങ്ങള്‍ ചിത്രീകരിക്കുന്ന വീഡിയോകളാണ് 'പ്രാങ്ക് വീഡിയോ'. 'പ്രാക്ടിക്കല്‍ ജോക്ക്' എന്നതിന്റെ ചുരുക്കെഴുത്താണ് പ്രാങ്ക്. 'തരികിട' പോലുള്ള ടി.വി. പരിപാടികള്‍ ഇതിന്റെ ആദ്യരൂപമാണ്. ഇപ്പോള്‍ യൂട്യൂബില്‍ ഇത്തരം വീഡിയോകള്‍ വ്യാപകമാണ്. കാഴ്ചക്കാരുടെ എണ്ണം കൂട്ടാന്‍ പലരും പരിധിവിട്ട് ഇത്തരം വീഡിയോകള്‍ ചിത്രീകരിക്കുന്നത് പതിവാക്കിയിട്ടുണ്ട്.

Content Highlights: obscene gestures against women for shooting prank videos youth arrested in kochi