കണ്ണൂര്‍:  പരിയാരം ഗവ. മെഡിക്കല്‍ കോളേജിലെ വനിതാ ഹോസ്റ്റലിന് മുന്നില്‍ നഗ്നതാപ്രദര്‍ശനം നടത്തിയ യുവാവ് പിടിയില്‍. കണ്ണൂര്‍ തളിപ്പറമ്പ് ചിറവക്ക് സ്വദേശി പി.എം. സുനിലിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഏറെക്കാലമായി പരിയാരം പോലീസിനെയും മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥിനികളെയും വലച്ച യുവാവിനെ കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് പിടികൂടിയത്. 

കഴിഞ്ഞ മാസമാണ് ഹോസ്റ്റലിന് സമീപത്തെ നഗ്നതാപ്രദര്‍ശനത്തെ സംബന്ധിച്ച് വിദ്യാര്‍ഥിനികള്‍ പരാതി ഉന്നയിച്ചത്. തുടര്‍ന്ന് മാതൃഭൂമി ന്യൂസ് വാര്‍ത്ത നല്‍കിയതോടെ ഹോസ്റ്റലിന് ചുറ്റും സുരക്ഷ വര്‍ധിപ്പിക്കാന്‍ അധികൃതര്‍ തീരുമാനിച്ചിരുന്നു. ഹോസ്റ്റലിന് സമീപം സിസിടിവികളും തെരുവുവിളക്കുകളും സ്ഥാപിക്കാനാണ് തീരുമാനമായത്. ഹോസ്റ്റലിന് സമീപം പോലീസ് പട്രോളിങ് ശക്തമാക്കുകയും ചെയ്തു. 

ഹോസ്റ്റലിന് സുരക്ഷ വര്‍ധിപ്പിച്ചതിനൊപ്പം നഗ്നതാപ്രദര്‍ശനം നടത്തിയ ആളെ കണ്ടെത്താനുള്ള അന്വേഷണവും പോലീസ് നടത്തിയിരുന്നു. ഇതിനിടെയാണ് വിവിധ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ സുനിലിനെക്കുറിച്ച് സൂചന ലഭിച്ചത്. തുടര്‍ന്ന് ഇയാളെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. 

Content Highlights: obscene exhibition in front of ladies hostel in pariyaram medical college accused arrested