കൊച്ചി: ഗൾഫിൽ കോവിഡ് വാക്സിൻ ഡ്യൂട്ടി എന്ന പേരിൽ ജോലി വാഗ്ദാനം ചെയ്ത് നഴ്സുമാരെ ചതിച്ചതായി മുഖ്യമന്ത്രിക്ക് പരാതി. കലൂരിൽ പ്രവർത്തിക്കുന്ന റിക്രൂട്ട്മെന്റ് സ്ഥാപനത്തിനെതിരേയാണ് നഴ്സുമാർ പരാതി നൽകിയിരിക്കുന്നത്.

ഈ സ്ഥാപനത്തിൽ രണ്ടര മുതൽ മൂന്നു ലക്ഷം രൂപ വരെ നൽകിയവരാണ് വഞ്ചിക്കപ്പെട്ടത്. ഇവരെ മൂന്നു മാസത്തെ വിസിറ്റിങ് വിസയിൽ ദുബായിലെത്തിച്ചെങ്കിലും, ജോലി വാങ്ങി നൽകിയില്ല. ഒരാഴ്ചയ്ക്കുള്ളിൽ ജോലി, ഒന്നര ലക്ഷം മാസ ശമ്പളം, സൗജന്യ താമസം, ഭക്ഷണം എന്നൊക്കെ പറഞ്ഞ് പരസ്യം നൽകിയാണ് ആളുകളെ വലയിലാക്കിയത്.

യു.എ.ഇ.യിൽ സർക്കാർ ജോലി എന്നു പറഞ്ഞ് പണം വാങ്ങുകയും ചെയ്തു. എന്നാൽ, യു.എ.ഇ.യിൽ എത്തിച്ച ശേഷം വാക്സിൻ ഡ്യൂട്ടി നിലവിൽ ഇല്ലെന്നും ഹോം നഴ്സ് ജോലി മാത്രമാണ് ഉള്ളതെന്നും അറിയിക്കുകയായിരുന്നു. ഹോം നഴ്സ് ജോലി ചെയ്യാൻ കഴിയില്ലെങ്കിൽ തിരികെ പോകാമെന്നും വിസയ്ക്കെന്നു പറഞ്ഞ് വാങ്ങിയ തുക തിരികെ നൽകില്ലെന്നുമാണ് അറിയിച്ചത്. ഇത്തരത്തിൽ നിരവധി പേർ ദുബായിൽ ദുരിതജീവിതം അനുഭവിക്കുകയാണ്.

ഇവരെ നിലവിൽ യാതൊരു സുരക്ഷയുമില്ലാതെ ഒരു മുറിയിൽത്തന്നെ പതിനഞ്ചോളം പേരെ പാർപ്പിച്ചിരിക്കുകയാണ്. കേരളത്തിന്റെ വിവിധ സ്ഥലങ്ങളിൽനിന്നു വന്ന 500-ൽ അധികം നഴ്സുമാരെ ഇതുപോലെ പല മുറികളിലായി താമസിപ്പിച്ചിരിക്കുന്നുവെന്നും പരാതിയിൽ പറയുന്നു. പോലീസ് കേസാകുമ്പോൾ സ്ഥാപനത്തിന്റെ പേര് മാറ്റി തട്ടിപ്പ് തുടരുന്നതാണ് ഇവരുടെ രീതിയെന്നും യു.എ.ഇ.യിൽ ഇവർക്ക് ഏജന്റുമാരുണ്ടെന്നും മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നു.

ഫിറോസ് ഖാൻ എന്ന വ്യക്തിയുടെ പേരിലുള്ള സ്ഥാപനമാണ് തങ്ങളെ വഞ്ചിച്ചതെന്നാണ് പരാതിയിൽ പറയുന്നത്. ഇയാൾക്കെതിരേ നോർത്ത് പോലീസ് വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് വഞ്ചിച്ചതിന് മുമ്പ് കേസെടുത്തിരുന്നു. എന്നാൽ, നിലവിൽ ഫിറോസ് ഖാനെതിരേ പുതിയ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് എറണാകുളം നോർത്ത് പോലീസ് പറഞ്ഞു.