കൊച്ചി: വിദേശത്ത് നഴ്സിങ് ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ കേസില്‍ പോലീസ് അന്വേഷണം നടത്തുന്നില്ലെന്ന് പരാതി. തട്ടിപ്പിനിരയായ 102 പേരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. പനമ്പിള്ളി നഗറില്‍ പ്രവര്‍ത്തിക്കുന്ന 'ജോര്‍ജ് ഇന്റര്‍നാഷണല്‍' എന്ന സ്ഥാപനത്തിനെതിരേയാണ് പരാതി. കുവൈത്ത്, ഷാര്‍ജ, കാനഡ എന്നിവിടങ്ങളില്‍ ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. ഇതു സംബന്ധിച്ച് കഴിഞ്ഞ മാസം 27-ന് തട്ടിപ്പിനിരയായവര്‍ എറണാകുളം സൗത്ത് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ കേസ് അന്വേഷിക്കാതെ പോലീസ് പ്രതികളെ സംരക്ഷിക്കുകയാണ് എന്നാണ് ആരോപണം. സ്ഥാപനത്തിനു മുന്നില്‍ പ്രതിഷേധം ആരംഭിച്ചിരിക്കുകയാണ് തട്ടിപ്പിനിരയായവര്‍.
ഒരു ലക്ഷം മുതല്‍ ആറു ലക്ഷം രൂപ വരെയാണ് ഓരോരുത്തരില്‍നിന്നും വാങ്ങിയത്. ഏകദേശം ആറ് കോടി രൂപ ഇത്തരത്തില്‍ മൂന്നു വര്‍ഷത്തിനിടെ തട്ടിയെടുത്തിട്ടുണ്ടെന്നാണ് പരാതിക്കാര്‍ പറയുന്നത്. പണം വാങ്ങുമ്പോള്‍ ഉറപ്പിനായി ചെക്ക് നല്‍കിയിരുന്നു. ജോലി ലഭിക്കാതെയായതോടെ ചെക്ക് ബാങ്കില്‍ നല്‍കിയപ്പോഴാണ് ചെക്ക് മടങ്ങിയത്. ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും പാസ്‌പോര്‍ട്ടും മറ്റും ഏജന്‍സിക്കാരുടെ കൈയിലാണ്. സര്‍ട്ടിഫിക്കറ്റില്ലാത്തതിനാല്‍ മറ്റിടങ്ങളില്‍ അവസരം ലഭിച്ചിട്ടും ഇവര്‍ക്ക് പോകാനാകുന്നില്ല. സ്ഥാപന ഉടമകളെ ഫോണില്‍ ബന്ധപ്പെടാനും സാധിക്കുന്നില്ല. കേസ് പിന്‍വലിച്ചാലെ സര്‍ട്ടിഫിക്കറ്റ് തരൂ എന്നാണ് ഏജന്‍സിക്കാരുടെ നിലപാടെന്നും പരാതിക്കാര്‍ പറഞ്ഞു.
കേസന്വേഷണത്തെ കുറിച്ച് അറിയാന്‍ സ്റ്റേഷനില്‍ പോയ യുവതിയോട് കേസന്വേഷിക്കാന്‍ സര്‍ക്കാരില്‍ നിന്ന് ഫണ്ട് ലഭിക്കുന്നില്ലെന്ന് പറഞ്ഞുവെന്ന് ആരോപണമുണ്ട്. എന്നാല്‍ ഇങ്ങനെ ഉണ്ടായിട്ടില്ലെന്നാണ് എറണാകുളം സൗത്ത് പോലീസ് പറയുന്നത്. കേസില്‍ അന്വേഷണം നടക്കുന്നുണ്ടെന്നും പോലീസ് പറഞ്ഞു.
പോലീസ് നടപടി വൈകുന്നതിനാല്‍ മുഖ്യമന്ത്രി, വിദേശകാര്യ വകുപ്പ് മന്ത്രി, കളക്ടര്‍, കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ എന്നിവര്‍ക്ക് പരാതി നല്‍കുമെന്ന് പരാതിക്കാര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
തട്ടിപ്പുകാരുമായി ബന്ധമില്ലെന്ന് ഏജന്‍സി
'ജോര്‍ജ് ഇന്റര്‍നാഷണല്‍' എന്ന ഏജന്‍സിക്ക് തട്ടിപ്പുകാരുമായി യാതൊരു ബന്ധവുമില്ലെന്ന് ഉടമകള്‍. പണം വാങ്ങി തട്ടിപ്പ് നടത്തിയെന്ന് പറയുന്നവരുമായി 2014-ല്‍ ഏജന്‍സി ഒരു കരാറില്‍ ഏര്‍പ്പെട്ടിരുന്നു. ഇതുപ്രകാരം ഏജന്‍സി വിസ പ്രോസസ് ചെയ്ത് നല്‍കും. ഇതിന് പ്രോസസിങ് ചാര്‍ജ് വാങ്ങും. ഏജന്‍സിയുടെ ഓഫീസ് ഉപയോഗിക്കുന്നതിന് സര്‍വീസ് ചാര്‍ജും വാങ്ങിയിരുന്നുവെന്ന് ജോര്‍ജ് ഇന്റര്‍നാഷണല്‍ ഏജന്‍സി ഉടമകള്‍ പറഞ്ഞു. ഉദ്യോഗാര്‍ഥികളില്‍ നിന്ന് വാങ്ങുന്ന പണത്തിന്റെയും അവര്‍ക്ക് ജോലി നല്‍കേണ്ടതിന്റെയും പൂര്‍ണ ഉത്തരവാദിത്വം കരാറിലേര്‍പ്പെട്ടിരിക്കുന്നവര്‍ക്കാണ്.
ജോര്‍ജ് ടി. ജോസ് എന്ന പേരുള്ളയാളും കൂട്ടരുമാണ് ഉദ്യോഗാര്‍ഥികളില്‍നിന്ന് പണം വാങ്ങിയത്. ഇദ്ദേഹത്തിന് ജോര്‍ജ് ഇന്റര്‍നാഷണലുമായി ബന്ധമില്ല. ഇവര്‍ ഏജന്‍സിയുടെ പേര് ദുരുപയോഗം ചെയ്യുകയായിരുന്നു. ജോര്‍ജ് ഇന്റര്‍നാഷണല്‍ ഏജന്‍സി ആര്‍ക്കും ചെക്ക് നല്‍കിയിട്ടില്ല. ആരുടെയും രേഖകള്‍ വാങ്ങി സൂക്ഷിച്ചിട്ടുമില്ല. ഏജന്‍സിയെ ചിലര്‍ ചതിക്കുകയായിരുന്നു. പ്രശ്‌നം അറിയിച്ചതിനെ തുടര്‍ന്ന് ഹൈക്കോടതി ഏജന്‍സിക്ക് പോലീസ് സംരക്ഷണം നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നും ഉടമകള്‍ അറിയിച്ചു.
Content Highlights: Nursing Jobs offer fraud in kochi