റാഞ്ചി: വിദ്യാര്‍ഥിനികള്‍ക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ നഴ്‌സിങ് കോളേജ് ഡയറക്ടര്‍ അറസ്റ്റില്‍. ജാര്‍ഖണ്ഡിലെ ഖുന്ദിയില്‍ സന്നദ്ധ സംഘടനയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന നഴ്‌സിങ് കോളേജിലെ ഡയറക്ടര്‍ ബബ്ലു എന്ന പര്‍വേസ് ആലത്തെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസറുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പോലീസിന് റിപ്പോര്‍ട്ട് കൈമാറിയതിന് പിന്നാലെയാണ് ഖുന്ദി എസ്.പി.യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇയാളെ പിടികൂടിയത്. 

കോളേജിന്റെ ഡയറക്ടറായ പര്‍വേസ് ആലം ലൈംഗികമായി ഉപദ്രവിക്കുന്നത് പതിവായിരുന്നുവെന്നാണ് വിദ്യാര്‍ഥിനികളുടെ പരാതി. സഹനശക്തി പരിശോധിക്കാനെന്ന പേരില്‍ വിദ്യാര്‍ഥിനികളുടെ വസ്ത്രത്തിനുള്ളിലൂടെ കൈകടത്തി പരിശോധിക്കുന്നതും പതിവായിരുന്നു. നിരവധി നഴ്‌സിങ് വിദ്യാര്‍ഥിനികളെ ഇയാള്‍ ലൈംഗികമായി ഉപദ്രവിച്ചു. 

ഉപദ്രവം തുടര്‍ന്നതോടെ ചില വിദ്യാര്‍ഥികള്‍ പ്രദേശത്തെ സാമൂഹികപ്രവര്‍ത്തകയോടാണ് ആദ്യം പരാതി പറഞ്ഞത്. ഇവര്‍ വിദ്യാര്‍ഥിനികളുടെ പരാതി ഗവര്‍ണര്‍ക്ക് കൈമാറുകയായിരുന്നു. തുടര്‍ന്ന് ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘത്തെ അന്വേഷണത്തിനായി നിയോഗിച്ചു. ഈ സംഘം അന്വേഷണം നടത്തി പോലീസിന് റിപ്പോര്‍ട്ട് കൈമാറിയതോടെയാണ് കോളേജ് ഡയറക്ടറെ അറസ്റ്റ് ചെയ്തത്. 

Content Highlights: nursing college director arrested for groping nursing students