ചേര്‍ത്തല: കടക്കരപ്പള്ളിയില്‍ യുവതിയെ സഹോദരിയുടെ വീട്ടില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വണ്ടാനം മെഡിക്കല്‍കോളേജിലെ താത്കാലിക നഴ്സായ കടക്കരപ്പള്ളി പത്താംവാര്‍ഡ് തളിശ്ശേരിത്തറ ഉല്ലാസിന്റെയും സുവര്‍ണയുടെയും മകള്‍ ഹരികൃഷ്ണ(25)യാണു മരിച്ചത്. സംഭവശേഷം ഒളിവില്‍പ്പോയ സഹോദരീഭര്‍ത്താവ് അഞ്ചാംവാര്‍ഡ് പുത്തന്‍കാട്ടില്‍ രതീഷി(ഉണ്ണി-35)നെ ശനിയാഴ്ച വൈകുന്നേരത്തോടെ ചേര്‍ത്തല ചെങ്ങണ്ടയില്‍നിന്ന് പോലീസ് പിടികൂടി. ഇയാളെ ചോദ്യംചെയ്തുവരുകയാണ്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ മരണകാരണം വ്യക്തമാകൂ.

വെള്ളിയാഴ്ച വൈകുന്നേരം ആറേമുക്കാലിനു മെഡിക്കല്‍ കോളേജില്‍നിന്നു ജോലികഴിഞ്ഞിറങ്ങിയതാണു ഹരികൃഷ്ണ. ചേര്‍ത്തലയിലെത്തിയ യുവതിയെ രതീഷ് തന്റെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയതായാണു വിവരം. രാത്രി എട്ടരയായിട്ടും വീട്ടിലെത്താഞ്ഞതോടെയാണു വീട്ടുകാര്‍ അന്വേഷണം തുടങ്ങിയത്. രതീഷിനെ ബന്ധപ്പെട്ടപ്പോള്‍ ഹരികൃഷ്ണ ഇന്നു ജോലികഴിഞ്ഞുവരില്ലെന്നു പറഞ്ഞുവെന്നായിരുന്നു മറുപടി.

ശനിയാഴ്ച പുലര്‍ച്ചേ വീട്ടുകാര്‍ പട്ടണക്കാട് പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന്, രതീഷിന്റെ പൂട്ടിയവീട് പോലീസിന്റെ സാന്നിധ്യത്തില്‍ തുറന്നു നോക്കിയപ്പോഴാണു മൃതദേഹം കണ്ടെത്തിയത്. കിടപ്പുമുറിയോടുചേര്‍ന്നു തറയിലായിരുന്നു മൃതദേഹം. ചുണ്ടിലെ ചെറിയ മുറിവൊഴികെ പ്രത്യക്ഷത്തില്‍ പരിക്കില്ലെന്നാണു പോലീസ് നല്‍കുന്ന സൂചന. ചെരിപ്പ് ധരിച്ചിരുന്നു. ഉടുപ്പിലും ദേഹത്തും മണല്‍ പറ്റിയിട്ടുണ്ട്.

എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ നഴ്സായ സഹോദരിയും രതീഷിന്റെ ഭാര്യയുമായ നീതുവിനു വെള്ളിയാഴ്ച രാത്രിജോലിയായിരുന്നു. കുട്ടികളെ നോക്കാനായി രതീഷ് ഹരികൃഷ്ണയെ വീട്ടിലേക്കു വരുത്തിയെന്നാണു കരുതുന്നത്. ജോലികഴിഞ്ഞു ചേര്‍ത്തലയിലെത്തുന്ന ഹരികൃഷ്ണയെ രതീഷായിരുന്നു മിക്കപ്പോഴും സ്‌കൂട്ടറില്‍ വീട്ടിലെത്തിച്ചിരുന്നത്. ഇരുവീടുകളും ഒരുകിലോമീറ്റര്‍ വ്യത്യാസത്തിലാണ്. പെയിന്ററാണിയാള്‍. മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്കു കൈമാറും.

Content Highlights: Nurse found dead in sisters house in Cherthala