കുന്നിക്കോട്(കൊല്ലം) : സ്വകാര്യ ആശുപത്രിയിലെ സ്റ്റാഫ് നഴ്സിനെ ഭർത്തൃഗൃഹത്തിൽ തീപ്പൊള്ളലേറ്റു മരിച്ച നിലയിൽ കണ്ടെത്തി. ഇളമ്പൽ എലിക്കോട് ഉറിക്കോട് അജിഭവനിൽ അജിയുടെ ഭാര്യ ലിജി ജോൺ (34) അണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് നാലു മണിയോടെയാണ് വീട്ടിലെ അടുക്കളയിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടത്.

സംഭവസമയം വീട്ടിൽ മറ്റാരുമുണ്ടായിരുന്നില്ല. ഒൻപതും അഞ്ചും വയസ്സുള്ള മക്കൾ ആരോണിനെയും ആബേലിനെയും സമീപത്തെ ബന്ധുവീട്ടിൽ ട്യൂഷന് അയച്ചിരുന്നു. കുട്ടികൾ മടങ്ങിയെത്തി വീട്ടിൽ പ്രവേശിക്കാൻ ശ്രമിച്ചെങ്കിലും കതക് തുറക്കാനായില്ല. ബന്ധുവിന്റെ സഹായത്തോടെ ഉള്ളിൽ കടന്നപ്പോഴാണ് അടുക്കളയിൽ മൃതദേഹം കണ്ടത്. ലിജിയുടെ ഭർത്തൃമാതാപിതാക്കൾ സംഭവസമയം തൊഴിലുറപ്പ് ജോലിക്കായി പുറത്തായിരുന്നു.

ഭർത്താവ് അജി കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ നഴ്സാണ്. അജിയും വീട്ടിലുണ്ടായിരുന്നില്ല. ശരീരത്തിൽ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തതാകാമെന്ന നിഗമനത്തിലാണ് പോലീസ്. പുനലൂരിലെ സ്വകാര്യ ആശുപത്രിയിൽ സ്റ്റാഫ് നഴ്സായിരുന്ന ലിജി ഏതാനും ദിവസങ്ങളായി അവധിയിലായിരുന്നു.

കൊട്ടാരക്കരയിൽ ഐ.ഇ.എൽ.ടി.എസ്.കോഴ്സിനു ചേർന്ന് ഓൺലൈൻ ക്ലാസുകളിൽ പങ്കെടുത്തുവരികയായിരുന്നു. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. പുനലൂർ പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പുനലൂർ താലൂക്കാശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ലിജി മൈലം സ്വദേശിനിയാണ്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)

Content Highlights:nurse found dead in husbands home in kollam