റാഞ്ചി: നവജാതശിശുക്കളെ വിറ്റ കേസില്‍ മദര്‍ തെരേസ സ്ഥാപിച്ച റാഞ്ചിയിലെ മിഷണറീസ് ഓഫ് ചാരിറ്റിയുടെ പേരില്‍ കേസ്. ഒരു കന്യാസ്ത്രീയും ജീവനക്കാരിയും അറസ്റ്റിലായി. ദമ്പതിമാരില്‍നിന്ന് വന്‍തുക വാങ്ങിയാണ് ഇവരടങ്ങുന്ന റാക്കറ്റ് കുട്ടികളെ വിറ്റിരുന്നതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.

മിഷണറീസ് ഓഫ് ചാരിറ്റിയില്‍ അവിവാഹിതരായ ഗര്‍ഭിണികള്‍ക്കും അമ്മമാര്‍ക്കും അഭയം നല്‍കാറുണ്ട്. ഇവരുടെ കുഞ്ഞുങ്ങളെയാണ് വിറ്റതായി കണ്ടെത്തിയത്. ഒരുവര്‍ഷത്തിനിടെ ആറു കുഞ്ഞുങ്ങളെ വിറ്റതായി തെളിഞ്ഞു. ഇക്കാര്യം പുറത്തുവന്നതോടെ അവിടെയുള്ള സ്ത്രീകളെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയതായി ശിശുക്ഷേമ സമിതി അറിയിച്ചു.
തങ്ങള്‍ 1.20 ലക്ഷംരൂപ നല്‍കിയിട്ടും കുഞ്ഞിനെ നല്‍കിയില്ലെന്നാരോപിച്ച് ഉത്തര്‍പ്രദേശില്‍നിന്നുള്ള ദമ്പതിമാര്‍ ശിശുക്ഷേമസമിതിയെ സമീപിച്ചതോടെയാണ് ഇക്കാര്യം പുറത്തറിഞ്ഞത്. കന്യാസ്ത്രീയായ അണിമ ഇന്ദ്വാറാണ് അറസ്റ്റിലായത്. മറ്റൊരു കന്യാസ്ത്രീയുടെ പങ്കിനെക്കുറിച്ചും അന്വേഷണത്തില്‍ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. അവരെ പോലീസ് ചോദ്യംചെയ്തു.
അണിമയുടെ പക്കല്‍നിന്ന് 65,000 രൂപയും പോലീസ് കണ്ടെത്തി. അമ്പതിനായിരംമുതല്‍ ഒന്നരലക്ഷം രൂപ വരെയാണ് ഇവര്‍ ഒരു കുട്ടിക്ക് വാങ്ങിയിരുന്നതെന്ന് പോലീസ് പറഞ്ഞു.
അണിമയുടെ റാഞ്ചി സ്വദേശിയായ ബന്ധു വഴിയാണ് അവരുമായി ബന്ധപ്പെട്ടതെന്ന് ഉത്തര്‍പ്രദേശ് സ്വദേശികളായ ദമ്പതിമാര്‍ പോലീസിനുനല്‍കിയ മൊഴിയില്‍ പറയുന്നു. മേയ് ഒന്നിന് ജനിച്ച കുട്ടിയെ മേയ് 14-ന് നല്‍കാമെന്നായിരുന്നു അണിമ പറഞ്ഞിരുന്നത്.
Content highlights: Arrest, Crime news, Police, New born babies