അടൂർ: വാട്സ് ആപ്പിലൂടെയും ഫെയ്സ്ബുക്കിലൂടെയും വീഡിയോകോൾചെയ്ത് നഗ്നത പ്രദർശിപ്പിക്കുകയും ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയും ചെയ്തതായി യുവാവിന്റെ പരാതി. അടൂർ പെരിങ്ങനാട് കുന്നത്തൂക്കര മണിമംഗലം ജയകുമാർ സി. നായരാണ് അടൂർ പോലീസിൽ പരാതി നൽകിയത്.

ഒരു യുവതി തന്റെ നഗ്നത പ്രദർശിപ്പിച്ചശേഷം, ജയകുമാറിന്റെ മുഖം നഗ്നത പ്രദർശിപ്പിക്കുന്ന മറ്റൊരാളിന്റെ ശരീരവുമായി ചേർത്ത് ഭീഷണിപ്പെടുത്തിയാണ് പണം ആവശ്യപ്പെട്ടത്. രണ്ടുലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. ജൂൺ 17-നായിരുന്നു സംഭവം. അന്നേദിവസം ജയകുമാറിന്റെ ഫോണിലേക്ക് ഒരു വാട്സ് ആപ്പ് വീഡിയോകോൾ ആദ്യം വന്നു. പരിചയമില്ലാത്ത വിളിയായതിനാൽ ആദ്യമൊന്നും എടുത്തില്ല. പിന്നീട് നിരന്തരം കോൾ എത്തിയതോടെ ജയകുമാറിന് സംശയം തോന്നി. ഈ സംശയം ഒരു പോലീസുദ്യോഗസ്ഥനുമായി പങ്കുവച്ചു. കോൾ എടുക്കുകയാണെങ്കിൽ വീഡിയോ റെക്കോഡ് ചെയ്യാൻ അദ്ദേഹം ആവശ്യപ്പെട്ടു. ഇതുപ്രകാരം കോൾ എടുത്തപ്പോഴാണ് ഒരു യുവതി നഗ്നത പ്രദർശിപ്പിച്ചത്.

ഇത്തരത്തിൽ നഗ്നത പ്രദർശിപ്പിക്കാൻ ജയകുമാറിനോടും അവർ ആവശ്യപ്പെട്ടു. പക്ഷേ, ജയകുമാർ ഇത് നിരസിച്ചു. അല്പസമയം കഴിഞ്ഞ് വാട്സ് ആപ്പിൽ രണ്ടുലക്ഷം രൂപ ആവശ്യപ്പെട്ട് ഒരു സന്ദേശമെത്തി. ഇത് സമ്മതിക്കാതായതോടെ ജയകുമാറിന്റെ മുഖവും മറ്റൊരാളിന്റെ ശരീരവുമായുള്ള നഗ്നത പ്രദർശിപ്പിക്കുന്ന വീഡിയോ അയച്ചു. പണം നൽകിയില്ലെങ്കിൽ ഈ വീഡിയോ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അയച്ചുനൽകും എന്ന് പറഞ്ഞു. ജയകുമാർ പണം നൽകാൻ തയ്യാറാകാതെവന്നപ്പോൾ വീഡിയോ ഫെയ്സ്ബുക്ക് മെസഞ്ചറിൽക്കൂടി അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അയച്ചുകൊടുത്തു. 25-ഓളംപേർക്ക് ഇത്തരത്തിൽ വീഡിയോ അയച്ചുനൽകിയതായി ജയകുമാർ പറയുന്നു. അബദ്ധത്തിൽവന്ന ഒരു വീഡിയോ കോൾ എടുത്തതുകാരണം വലിയ മാനസികവിഷമത്തിലാണ് യുവാവ്. സംഭവത്തെപ്പറ്റി അന്വേഷിക്കാൻ അടൂർ സി.ഐ.ക്ക് യഥാർഥ വീഡിയോയും യുവതി കൃത്രിമം കാണിച്ച വീഡിയോയും നൽകി പരാതി നൽകിയിരിക്കുകയാണ് ജയകുമാർ.