കൊല്ലം : സൗദിയിലെ കമ്പനിയില്‍ ജോലി നഷ്ടമായതിനെത്തുടര്‍ന്ന് സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്താന്‍ പുറപ്പെട്ട പ്രവാസിത്തൊഴിലാളികളെ വാഹനം തടഞ്ഞ് പോലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച രാവിലെ ഓച്ചിറയില്‍നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ടവരെ കൊല്ലം ചിന്നക്കടയില്‍ ഈസ്റ്റ് പോലീസാണ് കസ്റ്റഡിയിലെടുത്തത്. 60 പേരുണ്ടായിരുന്നു. വൈകീട്ട് 5.40-നാണ് ഇവരെ വിട്ടയച്ചത്.

സൗദിയിലെ എന്‍.എസ്.എച്ച്. കോര്‍പ്പറേഷനില്‍നിന്ന് നിയമപരമായ ആനുകൂല്യങ്ങളൊന്നും നല്‍കാതെ പിരിച്ചുവിട്ടതിനെതിരേയായിരുന്നു സമരം. ഡോ. ബി.രവിപിള്ളയുടെ ആര്‍.പി.ഗ്രൂപ്പിന്റെ ഉടസ്ഥതയിലുള്ളതാണ് കമ്പനിയെന്നാണ് തൊഴിലാളികള്‍ പറയുന്നത്. എന്നാല്‍ കമ്പനിയുമായി തങ്ങള്‍ക്ക് ഒരുബന്ധവുമില്ലെന്ന് ആര്‍.പി.ഗ്രൂപ്പ് അറിയിച്ചു.

അഞ്ഞൂറോളം വരുന്ന തൊഴിലാളികളുടെ പരാതികള്‍ പ്രധാനമന്ത്രിയടക്കം പലര്‍ക്കും നല്‍കിയെങ്കിലും നടപടിയോന്നുമുണ്ടായില്ലെന്ന് തൊഴിലാളികള്‍ പറഞ്ഞു. ബുധനാഴ്ച സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്താന്‍ പോകവേയാണ് വഴിമധ്യേ പോലീസ് കസ്റ്റഡിയിലെടുത്തതെന്ന് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹി കെ.വി.അനില്‍കുമാര്‍ പറഞ്ഞു. മുന്‍കരുതല്‍ എന്നനിലയിലാണ് തൊഴിലാളികളെ കസ്റ്റഡിയിലെടുത്തതെന്നും പേരും വിലാസവും എഴുതിവാങ്ങിയശേഷം ഉച്ചയോടെ വിട്ടയച്ചെന്നും ഈസ്റ്റ് സി.ഐ. പറഞ്ഞു.

കമ്പനിയുമായി ബന്ധമില്ല-ആര്‍.പി.ഗ്രൂപ്പ്

കൊല്ലം : എന്‍.എസ്.എച്ച്.സൗദി എന്ന കമ്പനി പൂര്‍ണമായും സൗദി പൗരന്മാരുടെ ഉടമസ്ഥതയിലുള്ളതാണെന്നും നിലവില്‍ അതുമായി ഡോ. ബി.രവിപിള്ളയ്ക്ക് ഒരുതരത്തിലുള്ള ബന്ധവുമില്ലെന്നും ആര്‍.പി.ഗ്രൂപ്പിനുവേണ്ടി അഡ്മിനിസ്‌ട്രേഷന്‍ മാനേജര്‍ അനന്തകൃഷ്ണന്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. 2014 വരെ സൗദിയിലെ എന്‍.എസ്.എച്ചില്‍ അദ്ദേഹം എം.ഡി. പദവി വഹിച്ചിരുന്നു. അതിനുശേഷം ആ സ്ഥാപനവുമായി ബന്ധങ്ങളൊന്നുമില്ല.

രവിപിള്ളയെയും അദ്ദേഹത്തിന്റെ സ്ഥാപനങ്ങളെയും അപകീര്‍ത്തിപ്പെടുത്തുന്നതിനും വ്യക്തിഹത്യ നടത്തുന്നതിനുമായി ഏതാനുംപേര്‍ ഗൂഢശ്രമം നടത്തുകയാണെന്നും കുറിപ്പില്‍ കുറ്റപ്പെടുത്തി. സംസ്ഥാന ക്രൈം ബ്രാഞ്ചും കൊല്ലം സിറ്റി പോലീസും അന്വേഷിക്കുന്ന കേസില്‍ ഗൂഢാലോചനക്കാരെക്കുറിച്ചുള്ള വിവരങ്ങള്‍ എത്രയും പെട്ടെന്ന് പുറത്തുവരുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

Content Highlights: nri employees taken in police custody in kollam