നാദാപുരം (കോഴിക്കോട്): തൂണേരിയിൽ പ്രഭാത നമസ്കാരത്തിനായി പള്ളിയിലേക്ക് പോകുന്നതിനിടെ പ്രവാസി വ്യവസായിയെ വാഹനത്തിലെത്തിയ അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയി. വിവിധ ഗൾഫ് രാജ്യങ്ങളിലെ സൾഫർ കെമിക്കൽ എന്ന സ്ഥാപനത്തിന്റെ പാർട്ണറായ മേക്കര താഴെക്കുനി എം.ടി.കെ. അഹമ്മദിനെയാണ് (52) തട്ടിക്കൊണ്ടുപോയത്. ശനിയാഴ്ച പുലർച്ചെ 5.20-നാണ് സംഭവം.

തൂണേരി എളവള്ളൂർ ജുമാമസ്ജിദിലേക്ക് സുബഹി നമസ്കാരത്തിന് സ്കൂട്ടറിൽ പോകുകയായിരുന്നു അഹമ്മദ്. ഇന്നോവ കാറിലാണ് സംഘം എത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അഹമ്മദ് ഓടിച്ച സ്കൂട്ടർ ഇടിച്ചുവീഴ്ത്തിയനിലയിലായിരുന്നു. സ്കൂട്ടറിന്റെ ഒരു ഭാഗം കേടായിട്ടുണ്ട്. സ്ഥലത്ത് പിടിവലി നടന്നതിന്റെ പാടുകളുണ്ട്. അഹമ്മദിന്റെ തലയിലുണ്ടായിരുന്ന തൊപ്പി അല്പം അകലെനിന്നാണ് ലഭിച്ചത്.

മെബൈൽ ഫോൺ എടുക്കാതെയാണ് അഹമ്മദ് പള്ളിയിലേക്ക് പോയിരുന്നത്. രാവിലെ എട്ടരമണിയോടെ അജ്ഞാതസംഘം അഹമ്മദിന്റെ ഫോണിൽ വിളിച്ചിരുന്നു. ഫോണെടുത്ത ഭാര്യയോട് അഹമ്മദിനെ കൊണ്ടുപോകുന്നുവെന്ന് പറഞ്ഞ് അവർ ഫോൺ കട്ടുചെയ്തതായി വീട്ടുകാർ പറഞ്ഞു. തുടർന്നുവന്ന ഫോൺ കോൾ വീട്ടുകാർ പോലീസിന് കൈമാറി. ഖത്തറിലെ ബിസിനസ് ഇടപാടുമായി ബന്ധപ്പെട്ട് ഒരു കോടിയോളം രൂപ നൽകിയാൽ ഉടൻ വിട്ടയക്കാമെന്ന അജ്ഞാതരുടെ മറുപടി പോലീസ് ഫോണിൽ കേൾക്കുകയും ചെയ്തു. ഇതിനിടയിൽ, ഖത്തറിലുള്ള അനുജൻ അസീസിന്റെ മൊബൈലിൽ അഹമ്മദിന്റെ സന്ദേശം വന്നതായി ബന്ധുക്കൾ പറഞ്ഞു. ഒരു കോടി രൂപ നൽകിയാൽ സംഘം തന്നെ വിട്ടയക്കുമെന്നാണ് ശബ്ദസന്ദേശം.

ഈ പ്രശ്നത്തിൽ ഇടപെട്ട അഭിഭാഷകനെ വൈകീട്ട് ഫോണിൽ വിളിച്ച് രണ്ടരക്കോടിയാണ് ആവശ്യപ്പെട്ടത്.

നാദാപുരം സി.ഐ. എൻ.കെ. സത്യനാഥന്റെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ബന്ധുക്കളുടെ പരാതിയിൽ കേസെടുത്തതായും വിദേശത്തുള്ള ഇടപാടുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരുന്നതായും പോലീസ് പറഞ്ഞു.

Content Highlights:nri businessman kidnapped from thooneri nadapuram