ന്യൂഡല്‍ഹി: മാട്രിമോണിയല്‍ സൈറ്റ് വഴി പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച വിദേശ ഇന്ത്യക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. പഞ്ചാബിലെ ജലന്ധര്‍ സ്വദേശി വെള്ളിയാഴ്ചയാണ് അറസ്റ്റിലാകുന്നത്. 2017ലാണ് ഇയാള്‍ യുവതിയുമായി പരിചയത്തിലാകുന്നത്. 2018 മാര്‍ച്ച് 27ന് യുവതി രവീന്ദറിനെതിരെ പോലീസില്‍ പീഡന പരാതി നല്‍കി.

മാട്രിമോണിയല്‍ സൈറ്റുവഴി പരിചയത്തിലായ ഇരുവരും തമ്മില്‍ ഫോണ്‍ മുഖേന ബന്ധം തുടര്‍ന്നു. 2017 ഡിസംബറില്‍ ഡല്‍ഹിയിലെത്തിയ രവീന്ദര്‍ യുവതിയെ ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. ഉടനെ വിവാഹം കഴിക്കാമെന്ന് പറഞ്ഞെങ്കിലും യുവതി അറിയാതെ സിങ്ങ് ഡല്‍ഹി വിട്ടു. ഇതേ തുടര്‍ന്ന് യുവതി നടത്തിയ അന്വേഷണത്തിലാണ് രവീന്ദര്‍ വിവാഹിതനാണെന്നും യുഎഇയില്‍ താമസിക്കുന്ന ഇയാള്‍ സെക്യൂരിറ്റി ഉദ്യോഗസ്ഥനായി ജോലി ചെയ്യുകയാണെന്നും  മനസിലായത്. 

അന്വേഷണത്തിന്റെ ഭാഗമായി രവീന്ദറിന്റെ ഗ്രാമത്തില്‍ പോലീസ് റെയ്ഡ് നടത്തിയിരുന്നു. ഗ്രാമത്തിലും വിമാനത്താവളം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലും ഇയാള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പതിച്ചിരുന്നു. യുകെയില്‍ പോയി തിരികെ വരുമ്പോള്‍ കുടുംബത്തെ സന്ദര്‍ശിക്കാനായി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്നിറങ്ങയപ്പോഴാണ് രവീന്ദര്‍ അറസ്റ്റിലാകുന്നത്.

Content Highlight: NRI arrested for raping woman