ആലുവ: മലപ്പുറത്തു നിന്ന് കൊച്ചിയിലേക്ക് വാഹനത്തില്‍ കടത്തിയ 2.71 കോടി രൂപയുടെ നിരോധിച്ച നോട്ടുകള്‍ ആലുവയില്‍ പിടികൂടി. ഒരു സ്ത്രീ ഉള്‍പ്പെടെ ആറു പേര്‍ അറസ്റ്റിലായി. പെരുമ്പാവൂര്‍ കുറുപ്പംപടി രായമംഗലം കണ്ണോത്ത് നിധിന്‍ (29), കോലഞ്ചേരി കടമറ്റം തുരുത്തേറ്റ് അനൂപ് (27), ആലുവ നാലാംമൈല്‍ കോലഞ്ചേരില്‍ വീട്ടില്‍ ജിജു ജോസ് (38), മലപ്പുറം രണ്ടത്താണി ചിനക്കല്‍ പൂക്കയില്‍ അലി അസൈനാര്‍ (27), ചിനക്കാല്‍ അമ്പലത്തിങ്കല്‍ അമീര്‍ കുഞ്ഞുമുഹമ്മദ് (36), ആലുവ തോട്ടുമുഖം അമിറ്റി ഫഌറ്റ് അഞ്ച് എയില്‍ താമസിക്കുന്ന വെട്ടുകല്ലുംപുറത്ത് ലൈല അബ്ദുള്‍ ജബ്ബാര്‍ (48) എന്നിവരാണ് പിടിയിലായത്. 

500 notes
പ്രതീകാത്മക ചിത്രം

റൂറല്‍ എസ്.പി. എ.വി. ജോര്‍ജിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ബുധനാഴ്ച അര്‍ദ്ധരാത്രി മുതല്‍ ആലുവ സി.ഐ. വിശാല്‍ ജോണ്‍സന്റെ നേതൃത്വത്തില്‍ ഷാഡോ പോലീസ് വാഹന പരിശോധന ആരംഭിച്ചിരുന്നു. പുലര്‍ച്ചെ അഞ്ചു മണിയോടെ ദേശീയപാതയില്‍ ആലുവ മാര്‍ത്താണ്ഡ വര്‍മ പാലത്തിനു സമീപം നോട്ട് കടത്തി കൊണ്ടുവന്ന കെ.എല്‍. 41 ബി 999 കാര്‍ തടയുകയും ചെയ്തു. എന്നാല്‍, കാര്‍ നിര്‍ത്താതെ പോകുകയും ദേശീയപാതയില്‍ നിന്ന് നഗരത്തിലേക്ക് പ്രവേശിക്കുകയും ചെയ്തു. പിന്തുടര്‍ന്നെത്തിയ പോലീസ് സംഘം പാലസിന് സമീപത്തു വച്ച് വാഹനം തടയുകയായിരുന്നു. കാര്‍ പരിശോധിച്ചപ്പോഴാണ് നിരോധിത നോട്ടുകള്‍ കണ്ടെത്തിയത്. 

1,000 രൂപയുടെ 100 എണ്ണം വീതമുള്ള 122 കെട്ടുകളും 500 രൂപയുടെ 100 എണ്ണം വീതമുള്ള 299 കെട്ടുകളുമാണ് കണ്ടെത്തിയത്. മലപ്പുറം സ്വദേശിയുടെ നിര്‍ദ്ദേശ പ്രകാരം കൊച്ചിയില്‍ ഒരാള്‍ക്ക് നല്‍കാന്‍ കൊണ്ടുവന്നതാണെന്നാണ് പ്രതികള്‍ പറയുന്നത്. നോട്ട് കൊണ്ടുവന്ന കാറില്‍ പുരുഷന്‍മാര്‍ മാത്രമാണ് ഉണ്ടായിരുന്നത്. അവര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ലൈലയേയും പോലീസ് അറസ്റ്റ് ചെയ്യുന്നത്. 

പിടിയിലായ ലൈല തോട്ടുമുഖത്ത് എടയപ്പുറം റോഡില്‍ തയ്യല്‍ യൂണിറ്റ് ഉടമയാണ്. ഇവരാണ് കൊച്ചിയിലെ അനധികൃത കള്ളപ്പണം ഇടപാടിന്റെ ഏജന്റെന്ന് സംശയിക്കുന്നു. സ്ത്രീകള്‍ വാഹനത്തില്‍ ഉണ്ടെങ്കില്‍ പോലീസ് പരിശോധനയില്‍ നിന്ന് രക്ഷപ്പെടാമെന്ന് കണക്കുകൂട്ടി മലപ്പുറം സ്വദേശിയായ ഹവാല പണത്തിന്റെ മുഖ്യ ഇടപാടുകാരന്‍ നേരിട്ട് ഇവരെ സംഘത്തില്‍ നിയോഗിക്കുകയായിരുന്നു.

പിടിയിലായ നിധിന്‍ എസ്.ബി.ഐ. ലൈഫിന്റെ പെരുമ്പാവൂര്‍ യൂണിറ്റ് മാനേജരാണ്. അനൂപിന് ഐ.ടി. മേഖലയിലാണ് ജോലി. മറ്റുള്ളവര്‍ ഡ്രൈവര്‍മാരാണ്. സുമേഷിന്റെ പേരില്‍ തിരൂര്‍ ആര്‍.ടി. ഓഫീസിലാണ് വാഹനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേസില്‍ സുമേഷിന്റെ പങ്കിനെ പറ്റിയും അന്വേഷിച്ചു വരുന്നു. 

ഡിവൈ.എസ്.പി. കെ.ബി. പ്രഫുലചന്ദ്രന്‍, സി.ഐ. വിശാല്‍ ജോണ്‍സണ്‍ എന്നിവരും പത്ര സമ്മേളനത്തില്‍ പങ്കെടുത്തു.