കുന്ദമംഗലം: ഓണ്‍ലൈന്‍ ക്ലാസിനിടെ പഠനത്തില്‍ ശ്രദ്ധിച്ചില്ലെന്ന് പറഞ്ഞ് അമ്മ കുട്ടിയെ ശരീരത്തില്‍ പൊള്ളലേല്‍പ്പിച്ചതായി പരാതി. ഞായറാഴ്ച പിലാശ്ശേരിയിലാണ് സംഭവം.
വായിച്ചത് ശരിയായില്ലെന്നും ക്ലാസ് ശ്രദ്ധിച്ചില്ലെന്നും ആരോപിച്ച് കുട്ടിയുടെ മുട്ടിനുതാഴെ അമ്മ സ്പൂണ്‍ ചൂടാക്കി വെക്കുകയായിരുന്നു. ആസനത്തില്‍ മുറിവും മുഖത്ത് അടിയേറ്റ പാടും ഉണ്ട്.

പൊള്ളലേറ്റ കുട്ടിയെ കുന്ദമംഗലം കുടുംബാരോഗ്യകേന്ദ്രത്തില്‍ എത്തിച്ച് പ്രഥമ ശുശ്രൂഷ നല്‍കി. തുടര്‍ന്ന് കുട്ടിയുടെ അമ്മാവന്‍ കുന്ദമംഗലം പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

ആറ് വയസ്സുള്ള കുട്ടിയുടെ പിതാവ് ഉപേക്ഷിച്ച് പോയതാണ്. മാതാവിന്റെ സംരക്ഷണയിലാണ് ഇപ്പോള്‍. കുട്ടിയെ ഇവര്‍ ഉപദ്രവിക്കാറുണ്ടെന്ന് അയല്‍വാസികളും പറയുന്നു. ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരം പോലീസ് കേസെടുത്തു. കുട്ടി നിലവില്‍ സി.ഡബ്ല്യു.സി.യുടെ സംരക്ഷണത്തിലാണ്.