ഹൈദരാബാദ്: മദ്യാസക്തിയുള്ള 40 വയസ്സുകാരന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. തെലങ്കാനയിലെ സിദ്ദിപേട്ട് ജില്ലയില്‍ തിങ്കളാഴ്ചയായിരുന്നു സംഭവം. റോഡരികിലെ വൈദ്യുത ട്രാന്‍സ്‌ഫോര്‍മറില്‍നിന്ന് ഷോക്കേല്‍പ്പിച്ചാണ് ഇയാള്‍ ജീവനൊടുക്കാന്‍ ശ്രമിച്ചത്. 

രാവിലെ ആറുമണിയോടെയാണ് ഇയാള്‍ സംഭവസ്ഥലത്ത് എത്തിയതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. പിന്നാലെ റോഡരികിലെ ഇരുമ്പുവേലി കടന്ന് ട്രാന്‍സ്‌ഫോര്‍മറിന് സമീപത്തേക്ക് പോയി. ഫ്യൂസ് ബോക്‌സുകളില്‍ തുടര്‍ച്ചയായി ഇടിച്ചു. ഇതിനിടെയാണ് ഷോക്കേറ്റത്. സംഭവം കണ്ട പ്രദേശവാസികള്‍ ഉടന്‍തന്നെ ബന്ധപ്പെട്ടവരെ അറിയിച്ച് വൈദ്യുതബന്ധം വിച്ഛേദിച്ചതിനാല്‍ ജീവന്‍ രക്ഷിക്കാനായി. കൈകളിലും മറ്റും പൊള്ളലേറ്റ ഇയാളെ പിന്നീട് പോലീസെത്തി കസ്റ്റഡിയിലെടുത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ജീവനൊടുക്കാന്‍ ശ്രമിച്ചയാള്‍ സ്ഥിരംമദ്യപാനിയാണെന്ന് പോലീസ് പറഞ്ഞു. ലോക്ക്ഡൗണ്‍ കാരണം മദ്യം ലഭിക്കാത്തതിനാലാണ് ജീവനൊടുക്കാന്‍ ശ്രമിച്ചതെന്നും പോലീസ് അറിയിച്ചു. 


(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)

Content Highlights: not getting liquor due to lockdown; man attempts to suicide