സോൾ: ഉത്തരകൊറിയയിലെ ഹാക്കർമാർ കോവിഡ് വാക്സിൻ നിർമാതാക്കളായ ഫൈസറിന്റെ ദക്ഷിണകൊറിയയിലെ കമ്പ്യൂട്ടർ സംവിധാനം ഹാക്ക് ചെയ്യാൻ ശ്രമിച്ചതായി റിപ്പോർട്ട്. കോവിഡ് വാക്സിനെക്കുറിച്ചും ചികിത്സാസംവിധാനങ്ങളെക്കുറിച്ചുമുള്ള വിവരങ്ങൾ തട്ടിയെടുക്കാനാണ് ഫൈസറിന്റെ കമ്പ്യൂട്ടർ സംവിധാനം ഹാക്ക് ചെയ്യാൻ ശ്രമിച്ചതെന്നാണ് ദക്ഷിണ കൊറിയയിലെ നാഷണൽ ഇന്റലിജൻസ് സർവീസിന്റെ റിപ്പോർട്ട്. അതേസമയം, ഹാക്കിങ് പരാജയപ്പെടുത്തിയോ വിവരങ്ങൾ നഷ്ടപ്പെട്ടോ എന്നത് വ്യക്തമല്ല. ഹാക്കിങ്ങിനെക്കുറിച്ച് ഫൈസറിന്റെ ദക്ഷിണകൊറിയയിലെ ഓഫീസും ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഉത്തരകൊറിയയിൽ ഇതുവരെ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നായിരുന്നു ഏകാധിപതി കിം ജോങ് ഉന്നിന്റെ അവകാശവാദം. ചൈനയിൽ കോവിഡ് വ്യാപനം ആരംഭിച്ചതിന് പിന്നാലെ കഴിഞ്ഞവർഷം ജനുവരിയിൽ തന്നെ ഉത്തരകൊറിയ അതിർത്തികൾ അടച്ചിരുന്നു. അതേസമയം, കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന അവകാശവാദത്തിൽ ലോകത്തെ ആരോഗ്യവിദഗ്ധരടക്കം സംശയം പ്രകടിപ്പിക്കുകയും ചെയ്തു. ഇതിനുപിന്നാലെയാണ് ഉത്തരകൊറിയ കോവിഡ് വാക്സിനെക്കുറിച്ചുള്ള വിവരങ്ങൾ ഹാക്കിങ്ങിലൂടെ ചോർത്തിയെടുക്കാൻ ശ്രമിച്ചെന്ന റിപ്പോർട്ടും പുറത്തുവരുന്നത്.

ഹാക്കിങ് രംഗത്ത് ആയിരക്കണക്കിന് പേരുടെ പ്രത്യേക സംഘം തന്നെ ഉത്തരകൊറിയയിൽ പ്രവർത്തിക്കുന്നുണ്ടെന്നാണ് വിവരം. വിദഗ്ധ പരിശീലനം ലഭിച്ച ഈ ഹാക്കർമാർ ദക്ഷിണ കൊറിയയിലെയും മറ്റുരാജ്യങ്ങളിലെയും വിവിധ കമ്പനികൾക്ക് നേരേയും ഗവേഷക സ്ഥാപനങ്ങൾക്ക് നേരേയും സൈബർ ആക്രമണങ്ങൾ നടത്തുന്നതായി നേരത്തെയും റിപ്പോർട്ടുകളുണ്ടായിരുന്നു. കഴിഞ്ഞവർഷം ജോൺസൺ ആൻഡ് ജോൺസൺ, നോവവാക്സ് എന്നിവയുൾപ്പെടെ ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്ന ഒമ്പത് സ്ഥാപനങ്ങൾക്ക് നേരേയാണ് ഉത്തരകൊറിയൻ സംഘത്തിന്റെ ഹാക്കിങ് ശ്രമമുണ്ടായത്.

Content Highlights:north korea tried to hack pfizer computer systems