ആലത്തൂര്‍: ഒന്നരമാസം മുമ്പ് കാണാതായ മകളെക്കുറിച്ചുള്ള വിവരമൊന്നും അറിയാന്‍ കഴിയാതെ കണ്ണീരോടെ ഒരു കുടുംബം. സൂചനകളൊന്നും ലഭിക്കാത്ത തിരോധാനത്തെക്കുറിച്ചുള്ള അന്വേഷണം പോലീസിന് വെല്ലുവിളിയായി. പോലീസ് പ്രമുഖ പത്രങ്ങളിലെല്ലാം ലുക്ക് ഔട്ട് നോട്ടീസ് പ്രസിദ്ധീകരിച്ചു. പുതിയങ്കം ഭരതന്‍ നിവാസില്‍ രാധാകൃഷ്ണന്റെയും സുനിതയുടെയും മൂത്തമകള്‍ സൂര്യ കൃഷ്ണയെ (21) കാണാതായത് ഓഗസ്റ്റ് 30ന് രാവിലെ 11.15-ഓടെയാണ്.

തമിഴ്നാട്ടില്‍ സൂര്യ കൃഷ്ണയുടെ ബന്ധുക്കള്‍ താമസിക്കുന്ന പ്രദേശങ്ങളില്‍ ആലത്തൂര്‍ പോലീസ് പോയി അന്വേഷണം നടത്തിയിരുന്നു. ഗോവയില്‍ വീടുവെച്ച് താമസിക്കണമെന്ന ആഗ്രഹം പലപ്പോഴും പറഞ്ഞിരുന്നതായി വീട്ടുകാര്‍ അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ഗോവയിലും അന്വേഷണസംഘം പോയെങ്കിലും ഫലം ഉണ്ടായില്ല.

സ്വന്തമായി ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണും എ.ടി.എം. കാര്‍ഡും എടുക്കാതെ രണ്ടുജോഡി വസ്ത്രം മാത്രമായി ഒരു പെണ്‍കുട്ടി യാതൊരു സൂചനയും അവശേഷിപ്പിക്കാതെ അപ്രത്യക്ഷയായത് അന്വേഷണസംഘത്തെ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്. സുഹൃത്തുക്കളോടും അയല്‍വാസികളോടും ബന്ധുക്കളോടും നിശ്ചിത അകലം പാലിക്കുന്ന പ്രകൃതമായിരുന്നു.

ആലത്തൂരിലെ ബുക്ക് സ്റ്റാളിലേക്ക് വരികയാണ്, അച്ഛന്‍ അവിടേക്ക് വരണമെന്ന് പറഞ്ഞാണ് സൂര്യ കൃഷ്ണ വീട്ടില്‍ നിന്നിറങ്ങിയത്. അച്ഛന്‍ രാധാകൃഷ്ണന്‍ ബുക്ക്സ്റ്റാളില്‍ ഏറെനേരം കാത്തിരുന്നെങ്കിലും മകള്‍ എത്തിയില്ല. ഇതേ തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്.

പത്തിലും പ്ലസ്ടുവിനും എല്ലാ വിഷയത്തിനും എപ്ലസ് നേടിയ സൂര്യ കൃഷ്ണ പാലായിലെ പരിശീനകേന്ദ്രത്തില്‍നിന്ന് മെഡിക്കല്‍ എന്‍ട്രന്‍സ് പരിശീലനം നേടിയെങ്കിലും പ്രവേശനം കിട്ടിയില്ല. പാലക്കാട് മെഴ്സി കോളേജില്‍ ബിരുദ വിദ്യാര്‍ഥിയാണ്. ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചിട്ടുണ്ട്. ആലത്തൂര്‍ ഡിവൈ.എസ്.പി. കെ.എ. ദേവസ്യ, ഇന്‍സ്പെക്ടര്‍മാരായ റിയാസ് ചാക്കീരി, ദീപക് കുമാര്‍ എന്നിവരടങ്ങിയ ഏഴംഗസംഘമാണ് കേസ് അന്വേഷിക്കുന്നത്.

Content Highlights: No clue about Surya Krishna who vanished from Alathur