ബെംഗളൂരു: നാഷണൽ ലോ സ്കൂൾ ഓഫ് ഇന്ത്യ സർവകലാശാല (എൻ.എൽ.എസ്.ഐ.യു.) ഹോസ്റ്റൽ മുറിയിൽ ദളിത് വിദ്യാർഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഉത്തർപ്രദേശ് സ്വദേശി കനിഷ്ക് ഭാരതി (22) യാണ് മരിച്ചത്. സർവകലാശാലയിലെ ബിരുദവിദ്യാർഥിയാണ്. അസ്വഭാവിക മരണത്തിന് കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.

മൂന്നു ദിവസമായി കനിഷ്കിനെ ഫോണിൽ ലഭിക്കാതായയോടെ രക്ഷിതാക്കൾ ഹോസ്റ്റലിൽ താമസിക്കുന്ന മറ്റു വിദ്യാർഥികളെ വിവരമറിയിച്ചു. വിദ്യാർഥികൾ പരിശോധിച്ചപ്പോൾ കനിഷ്കിന്റെ മുറി ഉള്ളിൽ നിന്ന്‌ പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് മുറിയിലെ ജനൽ തകർത്ത് പരിശോധിച്ചപ്പോഴാണ് തൂങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. ദുർഗന്ധം വമിക്കുന്ന നിലയിലായിരുന്നു. ഹോസ്റ്റൽ അധികൃതർ വിവരമറിയിച്ചതിനെത്തുടർന്ന് ജ്ഞാനഭാരതി പോലീസ് സ്ഥലത്തെത്തി പരിശോധനാനടപടികൾ പൂർത്തിയാക്കി.

മുറിയിൽ നിന്ന്‌ ആത്മഹത്യാക്കുറിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ് അറിയിച്ചു. എന്നാൽ, കുറച്ചു കാലമായി കനിഷ്ക് ചില അസുഖങ്ങളെത്തുടർന്ന് ചികിത്സ തേടിയിരുന്നതായി രക്ഷിതാക്കൾ മൊഴി നൽകി. പരീക്ഷകളിൽ ഏതാനും വിഷയങ്ങളിൽ പരാജയപ്പെട്ടതിന്റെ മാനസിക വിഷമമുണ്ടായിരുന്നതായും പറയുന്നു.

Content Highlights: NLSIU student  hangs himself in hostel room