തിരുവനന്തപുരം: നിസാമുദ്ദീന്‍-തിരുവനന്തപുരം എക്‌സ്പ്രസില്‍ യാത്രക്കാരെ മയക്കിക്കിടത്തി സ്വര്‍ണം കവര്‍ന്ന കേസ് റെയില്‍വേ പോലീസിന്റെ പ്രത്യേക സംഘം അന്വേഷിക്കും. എറണാകുളം ഡിവൈ.എസ്.പി. മനോജ് കബീറിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം, ഷൊര്‍ണൂര്‍, പാലക്കാട് സ്റ്റേഷനുകളില്‍നിന്ന് 14 ഉദ്യോഗസ്ഥരെ ചേര്‍ത്ത് റെയില്‍വേ എസ്.പി. കെ.എസ്.ഗോപകുമാര്‍ പ്രത്യേക അന്വേഷണസംഘത്തിനു രൂപംനല്‍കി. 35 പവന്‍ നഷ്ടമായെന്നാണ് ആദ്യം കരുതിയതെങ്കിലും 17 പവനാണ് നഷ്ടമായതെന്ന് പോലീസ് വ്യക്തമാക്കി.

ആഗ്രയില്‍ താമസിക്കുന്ന മലയാളികളായ തിരുവല്ല സ്വദേശിനി വിജയലക്ഷ്മി, മകള്‍ അഞ്ജലി എന്നിവരാണ് കവര്‍ച്ചയ്ക്കിരയായത്. ഇവര്‍ക്ക് കുപ്പിവെള്ളത്തില്‍ മയക്കുമരുന്നു കലര്‍ത്തിയാണ് മോഷണം നടത്തിയത്. തീവണ്ടി സേലം പിന്നിട്ട ശേഷമാണ് മോഷണം നടന്നത്.

ഇവര്‍ക്കൊപ്പം അബോധാവസ്ഥയില്‍ തീവണ്ടിയില്‍ കണ്ടെത്തിയ കോയമ്പത്തൂര്‍ സ്വദേശിനി കൗസല്യയുടെ മൊബൈല്‍ഫോണും നഷ്ടമായിരുന്നു. ഇവരുടെ ഫോണ്‍ പാലക്കാട് പിന്നിട്ട ശേഷമാണ് നഷ്ടമായത്. അതുവരെ കൗസല്യ ഫോണ്‍ ഉപയോഗിച്ചിരുന്നു.

സ്ത്രീകള്‍ക്കു നല്‍കിയ മയക്കുമരുന്നു കണ്ടെത്തുന്നതിനായി ഫൊറന്‍സിക് സാമ്പിളുകള്‍ ശേഖരിച്ച് കെമിക്കല്‍ ലാബിലേക്ക് അയച്ചു. പ്രതിയെന്നു സംശയിക്കുന്ന ഉത്തര്‍പ്രദേശ് സ്വദേശി അസ്‌കര്‍ ബാഗ്ഷായ്ക്കായി അന്വേഷണമാരംഭിച്ചു. പ്രതിയെ പിടികൂടുന്നതിനായി തമിഴ്നാട്, ഗുജറാത്ത്, ഉത്തര്‍പ്രദേശ് പോലീസ് സേനയുടെ സഹായം തേടും. ആഗ്ര റെയില്‍വേ സ്റ്റേഷനിലെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങള്‍ തിങ്കളാഴ്ച പരിശോധിച്ചു.

റെയില്‍വേ സംരക്ഷണസേനയും സമാന്തരമായി അന്വേഷണം നടത്തുന്നുണ്ട്. ആര്‍.പി.എഫിന്റെ ക്രൈം പ്രിവന്‍ഷന്‍ സ്‌ക്വാഡും രംഗത്തുണ്ട്. പ്രാഥമികാന്വേഷണത്തിനു ശേഷം കേസ് കൈമാറും.