മുംബൈ: മുകേഷ് അംബാനിയുടെ വസതിക്ക് മുന്നില്‍നിന്ന് സ്‌ഫോടക വസ്തുക്കള്‍ കണ്ടെടുത്തതിന് പിന്നാലെ നിത അംബാനി ഗുജറാത്തിലേക്കുള്ള യാത്ര റദ്ദാക്കിയെന്ന് റിപ്പോര്‍ട്ട്. കേസുമായി ബന്ധപ്പെട്ട് എന്‍.ഐ.എ.യ്ക്ക് നല്‍കിയ മൊഴിയില്‍ അംബാനിയുടെ സുരക്ഷാവിഭാഗം മേധാവിയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. 

അംബാനിയുടെ വസതിയായ ആന്റിലയ്ക്ക് മുന്നില്‍ സ്‌ഫോടക വസ്തുക്കള്‍വെച്ച സംഭവത്തില്‍ കഴിഞ്ഞദിവസം എന്‍.ഐ.എ. കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. മുംബൈ പോലീസിലെ ഉദ്യോഗസ്ഥനായ സച്ചിന്‍ വാസെ അടക്കം പത്ത് പേരാണ് കേസിലെ പ്രതികള്‍. ഈ കുറ്റപത്രത്തിലാണ് അംബാനിയുടെ സുരക്ഷാ മേധാവിയുടെ മൊഴികളും ഉള്‍പ്പെടുത്തിയിരിക്കുന്നത്. 

വസതിക്ക് മുന്നില്‍നിന്ന് സ്‌ഫോടകവസ്തുക്കള്‍ കണ്ടെടുത്തതിന് പിന്നാലെ ഈ വിവരം താന്‍ മുകേഷ് അംബാനിയെ അറിയിച്ചെന്നാണ് സുരക്ഷാ മേധാവിയുടെ മൊഴി. ഇതോടെ അന്നേദിവസം നിത അംബാനി ഗുജറാത്തിലെ ജാംനഗറിലേക്ക് നടത്താനിരുന്ന യാത്ര റദ്ദാക്കി. തന്റെയും സോണല്‍ ഡി.സി.പി.യുടെയും നിര്‍ദേശത്തെ തുടര്‍ന്നാണ് നിത അംബാനി യാത്ര റദ്ദാക്കിയതെന്നും സുരക്ഷാ മേധാവിയുടെ മൊഴിയില്‍ പറയുന്നു. 

കഴിഞ്ഞ ഒക്ടോബറില്‍ ആരംഭിച്ച കര്‍ഷക സമരവുമായി ബന്ധപ്പെട്ട് അംബാനിക്ക് നിരവധി തവണ ഭീഷണി സന്ദേശം ലഭിച്ചിരുന്നു. സ്‌ഫോടകവസ്തുക്കള്‍ കണ്ടെടുത്ത സംഭവത്തില്‍ അംബാനി കുടുംബം ഏതെങ്കിലുമൊരു വ്യക്തിയെ സംശയിച്ചിരുന്നില്ലെന്നും സുരക്ഷാ മേധാവി നല്‍കിയ മൊഴിയിലുണ്ട്. 

ഫെബ്രുവരി 25-നാണ് അംബാനിയുടെ വസതിയായ ആന്റിലയ്ക്ക് മുന്നില്‍ കാറില്‍നിന്ന് സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്. ഇതോടൊപ്പം ഭീഷണിക്കത്തും ഉണ്ടായിരുന്നു. പിന്നാലെ കാറുടമയായ മന്‍സൂഖ് ഹിരനെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തുകയും ചെയ്തു. സംഭവം വിവാദമായതോടെ എന്‍.ഐ.എ. അന്വേഷണം ഏറ്റെടുത്തു. മുംബൈ പോലീസിലെ ഉദ്യോഗസ്ഥനായ സച്ചിന്‍ വാസെയാണ് സ്‌ഫോടക വസ്തുക്കള്‍വെച്ചതിന്റെയും മന്‍സൂഖ് ഹിരനെ കൊന്നതിന്റെയും സൂത്രധാരനെന്ന് എന്‍.ഐ.എ. കണ്ടെത്തി. ഒരുകാലത്ത് മുംബൈ പോലീസിലെ ഏറ്റുമുട്ടല്‍ വിദഗ്ധനായിരുന്ന വാസെ, തന്റെ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാനാണ് പദ്ധതി ആസൂത്രണം ചെയ്തതെന്നാണ് എന്‍.ഐ.എയുടെ കണ്ടെത്തല്‍. കേസില്‍ സച്ചിന്‍ വാസെ ഉള്‍പ്പെടെ പത്ത് പേര്‍ക്കെതിരെയാണ് എന്‍.ഐ.എ. കഴിഞ്ഞദിവസം കുറ്റപത്രം നല്‍കിയത്. 

Content Highlights: nita ambani cancelled gujarat trip after explosives found near antilla ambani home