പാറശ്ശാല: നിര്‍മല്‍കൃഷ്ണ ബാങ്കുടമ നിര്‍മലന്റെയും ബിനാമികളുടെയും പേരില്‍ തമിഴ്നാട്ടില്‍ നടത്തിയിട്ടുള്ള ഭൂമി ഇടപാടുകളുടെ രേഖകള്‍ തമിഴ്നാട് പോലീസിന്റെ അന്വേഷണസംഘം കണ്ടെടുത്തു. കന്നുമാമ്മൂട്ടിലെ ആധാരമെഴുത്തോഫീസില്‍ നിന്നാണ് രേഖകള്‍ ലഭിച്ചത്. 

പളുകല്‍, തിരുവട്ടാര്‍, ഭൂതപ്പാണ്ടി, മാര്‍ത്താണ്ഡം, അരുമന എന്നീ സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ നടത്തിയിട്ടുള്ള 101 ഇടപാടുകളുടെ രേഖകളാണ് ഇപ്പോള്‍ ലഭിച്ചത്. 1990 മുതല്‍ 2016 വരെ നടത്തിയ ഇടപാടുകളുടെ രേഖകളാണിവ. ഇതില്‍ നിര്‍മലന്റെ അച്ഛന്റെ വില്‍പത്രമടക്കമുള്ള ഭൂമി കൈമാറ്റത്തിന്റെ വിവരങ്ങള്‍ ഇവയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ ലഭിച്ച രേഖകളില്‍ നിര്‍മലന്റെ പേരില്‍ അറുപതോളം ഭൂമിയിടപാടുകളാണ് ഇതിലുള്ളത്. പളുകല്‍ സബ് രജിസ്ട്രാര്‍ ഓഫീസിലാണ് നിര്‍മലന്റെ പേരില്‍ കൂടുതലും ഇടപാടുകള്‍ നടത്തിയിട്ടുള്ളത്. 

പ്രമാണത്തില്‍ ഭൂമിവില കുറച്ചാണ് കാണിച്ചിട്ടുള്ളതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. ഒരേക്കറിന് ഇരുപത് ലക്ഷത്തിലധികം വിലവരുന്ന അഴകിയപാണ്ഡ്യപുരത്തെ കൃഷിഭൂമി നിര്‍മ്മലന്‍ ഒരേക്കര്‍ ഒന്നേകാല്‍ ലക്ഷം രൂപയ്ക്ക് വാങ്ങിയതായി കാണിച്ചിരിക്കുന്നത്. അഴകിയപാണ്ഡ്യപുരം വില്ലേജിലെ സര്‍വേ നമ്പര്‍ 267/4, 267/1, 267/4, 236/11 കൃഷിഭൂമി ആധാര നമ്പര്‍ 641 രജിസ്റ്റര്‍ ചെയ്തത് ഒരേക്കറിന് 1,23,595 രൂപ പ്രമാണത്തില്‍ കാണിച്ചുകൊണ്ടാണെന്ന് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. 

ഇപ്പോള്‍ ലഭിച്ച അറുപത് ഭൂമി ഇടപാടുകളില്‍ മാത്രം നിര്‍മലന്റെ പേരില്‍ 1600 സെന്റിലധികം ഭൂമിയുടെ രേഖകളാണ് ലഭിച്ചിരിക്കുന്നത്. നിര്‍മലന്റെ പ്രധാന ബിനാമിയെന്ന് സംശയിക്കുന്ന രവീന്ദ്രന്റെ പേരിലും വിവിധ രജിസ്ട്രാര്‍ ഓഫീസുകളിലായി 2008 മുതല്‍ 23 ഭൂമി ഇടപാടുകള്‍ നടത്തിയതായിട്ടുള്ള രേഖകളും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിട്ടുണ്ട്. പളുകല്‍, മൊതുകുമ്മല്‍, ഇടയ്ക്കോട്, കുളപ്പുറം, പുലിയൂര്‍ശാല, തിരുനന്തിക്കര എന്നീ വില്ലേജുകളിലെ ഭൂമിയാണ് രവീന്ദ്രന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതായി കണ്ടെത്തിയത്. 

എന്നാല്‍, മറ്റ് ആധാരമെഴുത്തോഫീസില്‍നിന്നു ലഭിച്ച രേഖകളില്‍ പ്രധാന ബിനാമികളായിരുന്ന ശേഖരന്റെ പേരില്‍ പളുകല്‍ വില്ലേജില്‍ നാല് ഭൂമിയിടപാടുകള്‍ നടത്തിയതിന്റെ വിവരങ്ങള്‍ മാത്രമാണ് ഇപ്പോള്‍ ലഭിച്ചത്. ഇതുകൂടാതെ രാജലക്ഷ്മി അമ്മ, അശോക് കുമാര്‍, അനില്‍കുമാര്‍, നാരായണന്‍നായര്‍, രേഖ എന്നിവരുടെയും ബന്ധുക്കളുടേയും പേരിലും ഭൂമി വാങ്ങിയിട്ടുള്ളതായി രേഖ ലഭിച്ചിട്ടുണ്ട്. ഇപ്പോള്‍ ലഭിച്ചിട്ടുള്ള രേഖകള്‍ അപൂര്‍ണമാണെന്നും കൂടുതല്‍ രേഖകള്‍ കണ്ടെടുക്കുവാനുള്ള ശ്രമങ്ങള്‍ നടന്നുവരുകയാണെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.