പാറശ്ശാല: പളുകല്‍ നിര്‍മല്‍കൃഷ്ണ ബാങ്കുടമ നിര്‍മലനെയും ബിനാമികളെയും പിടികൂടണമെന്നാവശ്യപ്പെട്ടുള്ള നിക്ഷേപകരുടെ സത്യാഗ്രഹം രണ്ടാംദിവസം പിന്നിട്ടു. കേസ് സി.ബി.ഐ. അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് ബാങ്കിനു മുന്നില്‍ സമരം നടത്തുന്നത്.

ബുധനാഴ്ച നൂറോളം നിക്ഷേപകരാണ് സമരത്തിനെത്തിയത്. ദിവസങ്ങള്‍ കഴിഞ്ഞിട്ടും നിര്‍മലനെയോ ബിനാമികളെയോ പിടികൂടാന്‍ പോലീസിന് കഴിയാത്തതില്‍ നിക്ഷേപകരുടെ പ്രതിഷേധം ശക്തമാവുകയാണ്. ബുധനാഴ്ച രാവിലെ പതിനൊന്ന്  മണിയോടുകൂടി ബാങ്കിലെ കാഷ്യറെത്തിയത് സംഘര്‍ഷത്തിന്‌ കാരണമായി.

ജീവനക്കാരനെ തിരിച്ചറിഞ്ഞ നിക്ഷേപകര്‍ ഇയാളെ തടഞ്ഞുവെച്ചു. ഈ ജീവനക്കാരന്റെ പേരിലും ബിനാമിഭൂമിയുണ്ടെന്ന് സമരക്കാര്‍ തമിഴ്‌നാട് പോലീസിനെ അറിയിച്ചു. തുടര്‍ന്ന്‌ കന്നുമാമ്മൂട് പോലീസ് ഇയാളെ സ്റ്റേഷനിലേക്ക് മാറ്റി. എന്നാല്‍ ഇയാളുടെ പേര് പ്രതിപട്ടികയിലില്ലെന്നാണ് പോലീസ് പറയുന്നത്.

കന്നുമാമ്മൂട്ടിലെ ഫ്‌ളാറ്റിലെ  കശുവണ്ടി വില്‍പ്പനകേന്ദ്രത്തിലേക്ക് പിന്നീട് മാര്‍ച്ച് നടത്തിയ കര്‍മസമിതിയംഗങ്ങള്‍ വില്‍പ്പനശാല പൂട്ടിച്ചു. നിര്‍മലന്റെ ബിനാമി സ്ഥാപനമാണിതെന്ന് ആരോപണമുണ്ട്. ഇതേ ഫ്‌ളാറ്റില്‍ പ്രവര്‍ത്തിക്കുന്ന നിര്‍മലന്റെ ഉടമസ്ഥതയിലുള്ള കന്യാകുമാരി എക്‌സ്‌പോര്‍ട്ടേഴ്‌സ് എന്ന സ്ഥാപനത്തിലേക്കും മാര്‍ച്ച്‌ നടത്തി. പൂട്ടിയനിലയിലായിരുന്ന സ്ഥാപനത്തിലും നിക്ഷേപകര്‍ പുതിയ പൂട്ടിട്ടു.

ഫ്‌ളാറ്റിലുണ്ടായിരുന്നയാളെ  നിര്‍മലന്റെ ബിനാമിയാണെന്ന് ആരോപിച്ച് സമരക്കാര്‍ പോലീസിലേല്‍പ്പിച്ചു. ഇയാളെ വാഹനത്തില്‍ കൊണ്ടുപോകാന്‍ പോലീസ് ശ്രമിച്ചെങ്കിലും സമരക്കാരുടെ എതിര്‍പ്പിനെത്തുടര്‍ന്ന് കാല്‍ നടയായി കന്നുമാമ്മൂട് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. സ്റ്റേഷനിലേക്ക് കൊണ്ടുപോയവരെ ഉച്ചയ്ക്ക് രണ്ടുമണിയോടെ ഹൈവേ പോലീസിന്റെ വാഹനത്തില്‍ നാഗര്‍കോവിലിലുള്ള തമിഴ്‌നാട് സാമ്പത്തിക കുറ്റാന്വേഷണസംഘത്തിന്റെ ഓഫീസിലേക്ക് കൊണ്ടു പോയി.