പാറശ്ശാല: നിര്‍മല്‍ കൃഷ്ണ നിക്ഷേപത്തട്ടിപ്പ് അന്വേഷിക്കുന്ന കേരള ക്രൈംബ്രാഞ്ച് സംഘം തിങ്കളാഴ്ച തമിഴ്നാട് അന്വേഷണസംഘവുമായി ചര്‍ച്ച നടത്തി. ക്രൈംബ്രാഞ്ച് എസ്.പി. ബി.കെ.പ്രശാന്തന്‍ കാണിയുടെ നേതൃത്വത്തിലുള്ള സംഘം നാഗര്‍കോവില്‍ ഒഴുങ്ങനശ്ശേരിയിലുള്ള തമിഴ്നാട് സാമ്പത്തിക കുറ്റാന്വേഷണ സംഘത്തിന്റെ ഓഫീസിലെത്തിയാണ് ചര്‍ച്ച നടത്തിയത്. 

കേരളത്തില്‍ ഒളിവില്‍ക്കഴിയുന്ന പ്രതികളെ പിടികൂടുന്നതിനായി കേരളാ പോലീസിന്റെ സഹായം തമിഴ്നാട് ഡിവൈ.എസ്.പി. പോള്‍ ദുരൈ അഭ്യര്‍ഥിച്ചു. കേരളത്തില്‍നിന്നുള്ള നിക്ഷേപകരും തമിഴ്നാട് സാമ്പത്തിക കുറ്റാന്വേഷണവിഭാഗത്തിന് പരാതി നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 

തമിഴ്നാട്ടിലെ നിയമപ്രകാരം നിക്ഷേപത്തട്ടിപ്പുകേസില്‍ കേസ് രജിസ്റ്റര്‍ ചെയ്യുന്നതിനായി പാസ് ബുക്ക് ഹാജരാക്കണം. പകരം രസീത് നല്‍കുമെന്നും ഡിവൈ.എസ്.പി. അറിയിച്ചു. ഒരുദിവസം 30 നിക്ഷേപകരുടെ മൊഴി മാത്രമേ എടുക്കുവാന്‍ സാധിക്കുകയുള്ളൂവെന്നും അതിനാല്‍ കുറച്ചുപേരടങ്ങുന്ന സംഘമായി എത്തണമെന്നും അദ്ദേഹം അറിയിച്ചു. 

ഇതുവരെ 300 പേരുടെ മൊഴി മാത്രമാണ് രേഖപ്പെടുത്തിയത്. മൊഴിയെടുപ്പ് പൂര്‍ത്തിയാക്കുന്നതിനായി ഇനിയും ദിവസങ്ങളെടുക്കുമെന്നും അന്വേഷകസംഘം അറിയിച്ചു.