ന്യൂഡല്‍ഹി: നിര്‍ഭയ സംഭവത്തിന്റെ നടുക്കുന്ന ഓര്‍മ്മകള്‍ക്ക് ആറുവര്‍ഷം തികയുന്നദിവസം രാജ്യതലസ്ഥാനത്തെ ഞെട്ടിച്ച് വീണ്ടും ലൈംഗിക പീഡനം. ഡല്‍ഹി സമയ്പൂര്‍ ബദ്ലിയില്‍ ഒമ്പതുവയസുകാരിയാണ് ക്രൂരമായ പീഡനത്തിനിരയായത്. സംഭവത്തില്‍ അയല്‍വാസിയായ 28-കാരനെ പോലീസ് അറസ്റ്റ് ചെയ്തു. 

കൂലിപ്പണിക്കാരായ മാതാപിതാക്കള്‍ ജോലിക്കുപോയ സമയത്താണ് അയല്‍വാസിയായ യുവാവ് പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയത്. വീടിന് പുറത്തുകളിക്കുകയായിരുന്ന പെണ്‍കുട്ടിയോടൊപ്പം കളിക്കാന്‍ കൂടിയശേഷം ഇയാള്‍ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് വീടിനകത്തുവച്ച് പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു. സംഭവം നടക്കുന്ന സമയം യുവാവിന്റെ ഭാര്യയും രണ്ടുവയസായ കുട്ടിയും വീടിന്റെ മുകള്‍നിലയിലുണ്ടായിരുന്നു. എന്നാല്‍, അവരാരും പെണ്‍കുട്ടി വീട്ടിലെത്തിയത് അറിഞ്ഞിരുന്നില്ല. 

അയല്‍വാസിയുടെ പീഡനത്തിനിരയായ പെണ്‍കുട്ടി കരഞ്ഞുകൊണ്ടാണ് വീട്ടില്‍ തിരിച്ചെത്തിയത്. മാതാപിതാക്കളും ബന്ധുക്കളും കാര്യങ്ങള്‍ തിരക്കിയപ്പോള്‍ കുട്ടി പീഡനത്തെക്കുറിച്ച് വെളിപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പോലീസില്‍ പരാതി നല്‍കുകയും ചെയ്തു.

ഇതിനിടെ അയല്‍വാസിയായ പ്രതി പ്രദേശത്തുനിന്ന് രക്ഷപ്പെട്ടിരുന്നെങ്കിലും മണിക്കൂറുകള്‍ക്കകം പോലീസ് ഇയാളെ പിടികൂടി. പ്രതിക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തതായും, ആശുപത്രിയില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടാനില്ലെന്നും പോലീസ് അറിയിച്ചു.

Content Highlights: nine year old girl raped by neighbour in delhi on nirbhaya day