ബെംഗളൂരു: കര്‍ണാടകയിലെ കര്‍ബുര്‍ഗിയില്‍ ഒമ്പതുവയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി മൃതദേഹം കനാലില്‍ തള്ളി. കല്‍ബുര്‍ഗിയിലെ സുലേപേട്ട് പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് ഏറെ ദാരുണമായ സംഭവം. കേസില്‍ പ്രതിയായ യെല്ലപ്പ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞദിവസം ഏറെസമയം കഴിഞ്ഞിട്ടും പെണ്‍കുട്ടി സ്‌കൂളില്‍നിന്ന് വീട്ടിലെത്തിയിരുന്നില്ല. തുടര്‍ന്ന് മാതാപിതാക്കളും നാട്ടുകാരും നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയെ യെല്ലപ്പയ്‌ക്കൊപ്പം കണ്ടതായി വിവരം ലഭിച്ചത്. സ്‌കൂളില്‍ കൃത്യമായി പോയിരുന്ന കുട്ടി തിങ്കളാഴ്ച സ്‌കൂളില്‍ എത്തിയിരുന്നില്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തി. ആദ്യം തനിക്കൊന്നുമറിയില്ലെന്നാണ് യെല്ലപ്പ പറഞ്ഞതെങ്കിലും പിന്നീട് പോലീസിന് കൈമാറിയതോടെ കുറ്റം സമ്മതിക്കുകയായിരുന്നു. ചോക്ലേറ്റ് നല്‍കി കുട്ടിയെ കൂട്ടിക്കൊണ്ടുപ്പോയ ശേഷം ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് പീഡിപ്പിച്ച് കൊലപ്പെടുത്തുകയും മൃതദേഹം കനാലില്‍ ഉപേക്ഷിക്കുകയുമായിരുന്നു.
പോലീസ് അന്വേഷണത്തില്‍ മുല്ലമാരി ഇറിഗേഷന്‍ പദ്ധതിയുടെ കനാലില്‍നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തി. പ്രതിയുടെ അടിവസ്ത്രങ്ങളും രക്തക്കറകളും ഇവിടെനിന്ന് കണ്ടെത്തിയിരുന്നു.
Content Highlights: nine year old girl raped and murdered in kalaburgi karnataka, accused arrested