പാലക്കാട്: കുടുംബപ്രശ്നങ്ങള്‍, അയല്‍പക്കവുമായുള്ള തര്‍ക്കം, രാഷ്ട്രീയം... പ്രശ്നങ്ങള്‍ പലതായിരുന്നു. അതേച്ചൊല്ലി മനുഷ്യന്‍ മനുഷ്യനെ ഇല്ലാതാക്കുന്ന പ്രവണത ജില്ലയില്‍ കൂടുന്നു. കഴിഞ്ഞ രണ്ടരമാസത്തിനിടെ ഏഴുസംഭവങ്ങളിലായി പാലക്കാട്ട് നടന്നത് ഒമ്പത് കൊലപാതകങ്ങള്‍. അതില്‍ രണ്ടെണ്ണം ഇരട്ടക്കൊലപാതകങ്ങളും. പുതുവര്‍ഷംപിറന്ന ശേഷമുള്ള 11 ദിവസത്തിനിടെമാത്രം തീര്‍ത്തുകളഞ്ഞത് അഞ്ചുപേരെയാണ്.

ഈ ഒമ്പത് മരണങ്ങളില്‍ ആറ്് കൊലപാതകങ്ങള്‍ക്കും കാരണം കുടുംബ പ്രശ്നങ്ങളായിരുന്നു. പ്രതികള്‍ ഉറ്റ ബന്ധുക്കളും. നവംബറില്‍ ഷൊര്‍ണൂര്‍ മഞ്ഞക്കാട്ട് രണ്ട് കുഞ്ഞുങ്ങളെ കൊലപ്പെടുത്തി അമ്മ അത്മഹത്യയ്ക്ക് ശ്രമിച്ചതും കഴിഞ്ഞദിവസം പാലക്കാട് റെയില്‍വേകോളനിയില്‍ ദമ്പതിമാര്‍ വീട്ടില്‍ വെട്ടേറ്റുമരിച്ചതുമായിരുന്നു ഇരട്ട കൊലപാതകങ്ങള്‍. രണ്ടുകുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ കേസില്‍ അമ്മയും ദമ്പതിമാരെ കൊലപ്പെടുത്തിയ കേസില്‍ മകനുമാണ് പ്രതികള്‍.

ജനുവരി എട്ടിന് പെരുവെമ്പില്‍ 40- കാരിയെ കഴുത്തറുത്തുകൊന്ന സംഭവത്തില്‍ രണ്ടാം ഭര്‍ത്താവാണ് പ്രതി. ജനുവരി മൂന്നിന് വെണ്ണക്കരയില്‍ മദ്യപിച്ചുണ്ടായ തര്‍ക്കത്തില്‍ മകന്റെ മര്‍ദനമേറ്റ് അച്ഛനും മരിച്ചിരുന്നു. ജനുവരി എട്ടിനുതന്നെ ആലത്തൂരില്‍ തലയ്ക്കടിയേറ്റ് 63-കാരനും മരിച്ചു. തൊഴുത്തില്‍നിന്നുള്ള വെള്ളം വീടിന് മുന്നിലൂടെയൊഴുകിയെന്ന തര്‍ക്കത്തെത്തുടര്‍ന്നുണ്ടായ ഈ കൊലപാതകത്തില്‍ അയല്‍വാസികളാണ് പ്രതികള്‍. ഇതിനെല്ലാം പുറമേ മുണ്ടൂരില്‍ ഫര്‍ണിച്ചര്‍കടയില്‍ ഉത്തര്‍പ്രദേശ് സ്വദേശിയായ

അതിഥിത്തൊഴിലാളിയും കഴുത്തില്‍ ആഴത്തിലുള്ള മുറിവേറ്റ് കൊല്ലപ്പെട്ടിരുന്നു. ഇതില്‍ മറ്റൊരു ഉത്തര്‍പ്രദേശ് സ്വദേശിയും അറസ്റ്റിലായിരുന്നു.

രാഷ്ട്രീയത്തിലും കൊല

ഏഴ് സംഭവങ്ങളില്‍ ഒരു രാഷ്ട്രീയ കൊലപാതകവും നടന്നു. നവംബര്‍ 15-ന് ഭാര്യയുടെ മുന്നിലിട്ടാണ് ആര്‍.എസ്.എസ്. പ്രാദേശിക നേതാവ് സഞ്ജിത്തിനെ കൊലപ്പെടുത്തിയത്.

എസ്.ഡി.പി.ഐ. പ്രവര്‍ത്തകരായിരുന്നു കേസില്‍ പ്രതികള്‍. ആകെ കോളിളക്കം സൃഷ്ടിച്ച ഈ കേസില്‍ നേരിട്ട് പങ്കെടുത്ത മൂന്നുപേരാണ് ഇതുവരെ പിടിയിലായത്. ഇനിയും രണ്ടുപേരെക്കൂടി കിട്ടാനുണ്ട്. കൊലപാതകത്തിന് സഹായിച്ചെന്ന പേരില്‍ അഞ്ചുപേരെയും പിടികൂടിയിട്ടുണ്ട്.

രണ്ടുവര്‍ഷത്തിനിടെ കൊല്ലപ്പെട്ടത് 51 പേര്‍

ജില്ലയില്‍ രണ്ടുവര്‍ഷത്തിനിടെ കൊല്ലപ്പെട്ടത് 51 പേര്‍. പോലീസിന്റെ കണക്കനുസരിച്ച് കോവിഡ് വ്യാപനംമൂലം കൂടുതലും അടഞ്ഞുകിടന്ന 2020-ല്‍ 29 പേരാണ് കൊല്ലപ്പെട്ടത്. ഒമ്പതുവര്‍ഷത്തിനിടെ ജില്ലയില്‍ ഏറ്റവുംകൂടുതല്‍ പേര്‍ കൊല്ലപ്പെട്ടത് ഈ വര്‍ഷമായിരുന്നു. 2010-ലും 2011-ലും 30-ലേറെപേര്‍ കൊല്ലപ്പെട്ടിരുന്നു. 2021-ല്‍ 22 പേരാണ് കൊല്ലപ്പെട്ടത്. രണ്ടുവര്‍ഷത്തിനിടെ 85 പേര്‍ വധശ്രമത്തിനും ഇരയായി.

സഹനശേഷി ആര്‍ജിക്കണം

പലപ്പോഴും മനുഷ്യന് പിരിമുറുക്കം കുറയ്ക്കാനാവാത്ത സ്ഥിതി കാണുന്നുണ്ട്. കുടുംബങ്ങളിലും സ്നേഹ ബന്ധങ്ങളിലുമാണ് പ്രശ്നമാകുന്നത്. ചെറിയ പ്രശ്നങ്ങള്‍ക്കുപോലും തീവ്രമായി പ്രതികരിക്കുന്ന സ്ഥിതിവരുന്നു. മനുഷ്യന്‍ സഹനശേഷി കൂടുതല്‍ ആര്‍ജിക്കണം.

-ഡോ. ശരത് സുന്ദര്‍,

ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, ജില്ലാ ആശുപത്രി.

അന്വേഷണം കൃത്യമായി പൂര്‍ത്തിയാക്കും

കൊലപാതകക്കേസുകളില്‍ ഉള്‍പ്പെട്ട എല്ലാ പ്രതികളെയും പിടികൂടാനാവശ്യമായ നടപടി സ്വീകരിച്ചിട്ടുണ്ട്. ഭൂരിഭാഗം കേസിലും പ്രതികളെ കണ്ടെത്തിക്കഴിഞ്ഞു. അന്വേഷണം കൃത്യമായി പൂര്‍ത്തിയാക്കി പ്രതികളെ നിയമത്തിനുമുന്നിലെത്തിക്കും.

-ആര്‍. വിശ്വനാഥ്, ജില്ലാ പോലീസ് മേധാവി.