മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയില്‍ വീണ്ടും മയക്കുമരുന്ന് മാഫിയയുടെ കൂട്ടക്കുരുതി. വെസ്റ്റ്-സെന്‍ട്രല്‍ മെക്‌സിക്കോയിലെ വിനോദ കേന്ദ്രത്തില്‍ പ്രായപൂര്‍ത്തിയാകാത്ത നാലു ആണ്‍കുട്ടികള്‍ ഉള്‍പ്പെടെ ഒമ്പതുപേരെ മാഫിയ സംഘം വെടിവെച്ചു കൊന്നു. മയക്കുമരുന്ന്-അധോലോക മാഫിയകള്‍ തമ്മിലുള്ള കുടിപ്പകയും വിരോധവുമാണ് കൂട്ടക്കൊലയ്ക്ക് കാരണം. 

മയക്കുമരുന്ന് കള്ളക്കടത്തിലൂടെ പേരെടുത്ത ലോസ് വിയാഗ്ര എന്ന സംഘം മയക്കുമരുന്ന് വില്‍പ്പന നടത്തിവന്നിരുന്ന വിനോദ കേന്ദ്രത്തിലാണ് വെടിവെപ്പ് നടന്നത്. എതിരാളികളായ ജാലിസ്‌കോ ന്യൂ ജനറേഷന്‍ കാര്‍ട്ടല്‍ എന്ന വമ്പന്‍ അധോലോക സംഘമായിരുന്നു കൂട്ടക്കൊലയ്ക്ക് പിന്നില്‍. കേന്ദ്രത്തിലേക്ക് ഇരച്ചെത്തിയ അക്രമികള്‍ വിയാഗ്ര സംഘത്തിലെ രണ്ടുപേരെ അന്വേഷിച്ചു. എന്നാല്‍ ഇതിന് മറുപടി പോലും നല്‍കുന്നതിന് മുമ്പ് തുരുതുരാ വെടിയുതിര്‍ക്കുകയായിരുന്നു. കൊല്ലപ്പെട്ടവരില്‍ ഒരു സ്ത്രീയും ഉണ്ടെന്നാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. 

65 ബുള്ളറ്റുകളാണ് സംഭവസ്ഥലത്തുനിന്ന് പോലീസ് കണ്ടെത്തിയത്. വെടിവെപ്പിന് ശേഷം രക്ഷപ്പെട്ട അക്രമികളെ ഇതുവരെ പിടികൂടാനായിട്ടില്ല. 

സിയേറ സഹോദരന്മാരാണ് ലോസ് വിയാഗ്ര എന്ന മാഫിയ സംഘം സ്ഥാപിച്ചത്. എട്ട് സഹോദരന്മാരില്‍ മൂത്തവനായ നിക്കോളാസ് സിയേറയാണ് സംഘത്തലവന്‍.  ഇതിനിടെ മെക്‌സിക്കോയിലെ ഏറ്റവും വലിയ മാഫിയ സംഘങ്ങളിലൊന്നായ ജാലിസ്‌കോ ന്യൂ ജനറേഷന്‍ കാര്‍ട്ടലുമായി ഇവര്‍ കൂട്ടുചേര്‍ന്നിരുന്നു. എന്നാല്‍ മയക്കുമരുന്ന് കള്ളക്കടത്തിലെ തര്‍ക്കത്തെ തുടര്‍ന്ന് ഇരുസംഘങ്ങളും പിന്നീട്  തെറ്റിപിരിഞ്ഞു. ഇതോടെയാണ് രണ്ട് മാഫിയ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പക രൂക്ഷമായത്. 

Content Highlights: nine killed in an amusement arcade in mexico