ബെംഗളൂരു: വൈവാഹിക വെബ്‌സൈറ്റിലൂടെ യുവതിയെ കബളിപ്പിച്ച് 24.5 ലക്ഷം തട്ടിയ നൈജീരിയ സ്വദേശി ബെംഗളൂരു പോലീസിന്റെ പിടിയില്‍.
ഡല്‍ഹി ഉത്തംനഗറില്‍ തമാസിച്ചുവരുകയായിരുന്ന ബ്രൈറ്റ് മുഡുഗാസ്(24) ആണ് പിടിയിലായത്.
ബെംഗളൂരു പോലീസ് ഡല്‍ഹിയിലെത്തിയാണ് ഇയാളെ പിടികൂടിയത്. അഞ്ചുപേര്‍ ഉള്‍പ്പെടുന്ന തട്ടിപ്പുസംഘത്തിലെ പ്രധാന കണ്ണിയാണിയാള്‍.
ബെംഗളൂരുവില്‍ മാത്രം 20-ഓളം യുവതികളില്‍ നിന്ന് ഇയാള്‍ പണം തട്ടിയുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഒട്ടേറെ മൊബൈല്‍ ഫോണുകളും ലാപ്ടോപ്പുകളും ഇയാളില്‍നിന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പലപേരുകളിലായി 60 -ഓളം ബാങ്ക് അക്കൗണ്ടുകളും ബ്രൈറ്റ് കൈകാര്യം ചെയ്തിരുന്നതായി പോലീസ് പറഞ്ഞു.
വൈറ്റ്ഫീല്‍ഡ് സ്വദേശിയായ യുവതിയില്‍ നിന്നാണ് 24.5 ലക്ഷം തട്ടിയെടുത്തത്. സ്വീഡനില്‍ താമസിക്കുന്ന ഇന്ത്യക്കാരനാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് വൈവാഹിക സൈറ്റിലൂടെ യുവതിയുമായി ഇയാള്‍ പരിചയം സ്ഥാപിച്ചത്. പിന്നീട് കൂടുതല്‍ സൗഹൃദമുണ്ടാക്കി വിവാഹം ഉറപ്പിക്കുന്ന ഘട്ടത്തിലെത്തി. ഇതിനിടെ ജോലി ആവശ്യത്തിനായി സ്വീഡനില്‍നിന്ന് മലേഷ്യയിലേക്ക് പോകുന്നെന്ന് പറഞ്ഞാണ് തട്ടിപ്പിന് തുടക്കമിട്ടത്.
ദിവസങ്ങള്‍ക്ക് ശേഷം മലേഷ്യയില്‍ ചില പ്രശ്‌നങ്ങളില്‍ കുടുങ്ങിയെന്നും 24.5 ലക്ഷം കടമായി വേണമെന്നും ഇയാള്‍ ആവശ്യപ്പെടുകയായിരുന്നു. സ്വീഡനില്‍ തിരിച്ചെത്തിയ ഉടന്‍ പണം മടക്കി നല്‍കാമെന്നായിരുന്നു വാഗ്ദാനം.
ഇതോടെ പലതവണയായി ഇയാള്‍ പറഞ്ഞ ബാങ്ക് അക്കൗണ്ടുകളില്‍ യുവതി പണംനിക്ഷേപിച്ചു. പിന്നീട് ഇയാളുമായി ബന്ധപ്പെടാന്‍ കഴിയാതെ വന്നതോടെ കബളിപ്പിക്കപ്പെട്ടെന്ന് മനസ്സിലായ യുവതി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
സൈബര്‍ ക്രൈം പോലീസിന്റെ അന്വേഷണത്തില്‍ ബ്രൈറ്റ് ബെംഗളൂരുവിലെ മറ്റൊരു യുവതിയുമായി സൗഹൃദം സ്ഥാപിച്ചെന്ന് കണ്ടെത്തി.
ഡല്‍ഹി സ്വദേശിയെന്നാണ് ഈ യുവതിയോട് പരിചയപ്പെടുത്തിയത്. യുവതിയുമായി പോലീസ് ബന്ധപ്പെടുകയും ഇയാളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. ഈ യുവതിയുടെ സഹായത്തോടെയാണ് ഡല്‍ഹിയിലെ വിലാസം ലഭിച്ചതും പോലീസ് ഇയാളെ ഡല്‍ഹിയിലെത്തി പിടികൂടിയതും. ബെംഗളൂരുവിലെത്തിച്ച ഇയാളെ ചോദ്യം ചെയ്തുവരുകയാണ്.
Content Highlights: nigerian man arrested for marriage con in bengaluru