പാലാ: പാലാ സെന്റ് തോമസ് കോളേജിലെ വിദ്യാര്‍ഥിനി നിഥിനാമോളെ കൊലപ്പെടുത്താന്‍ സഹപാഠി അഭിഷേക് എത്തിയത് മുന്നൊരുക്കങ്ങള്‍ നടത്തിയശേഷമെന്ന് പോലീസ്. ഒരു മനുഷ്യനെ കൊല്ലേണ്ട വിവിധ രീതികളെക്കുറിച്ചുള്ള വിവരങ്ങള്‍ ആഴ്ചകള്‍ക്കുമുമ്പേ പ്രതി വിവിധ സൈറ്റുകളില്‍ തിരഞ്ഞെന്ന് പോലീസ് പറഞ്ഞു. ഞരമ്പുമുറിച്ച് മനുഷ്യരെ കൊല്ലുന്നത് സംബന്ധിച്ചാണ് കൂടുതല്‍ വായിച്ചത്.

എവിടെയുള്ള ഞരമ്പുകള്‍ മുറിച്ചാല്‍ പെട്ടെന്ന് മരണം ഉറപ്പാക്കാമെന്ന് പരിശോധിച്ചു. കഴുത്തില്‍ എത്ര ഞരമ്പുകളുണ്ടന്നും അവയില്‍ ആഴത്തില്‍ മുറിവേല്‍പ്പിക്കുന്ന രീതികളും പ്രതി സൈറ്റുകളില്‍ പരിശോധിച്ചതായി പോലീസ് പറഞ്ഞു. കഴുത്തില്‍ മുറിവേല്‍പ്പിക്കുമ്പോള്‍ മരണം സംഭവിക്കാനെടുക്കുന്ന സമയവും തിരഞ്ഞു. കൊല നടത്തിയാല്‍ ലഭിക്കാവുന്ന ശിക്ഷ, എടുക്കാവുന്ന കേസുകള്‍ എന്നിവയും മനസ്സിലാക്കി.

നിഥിനയെ കൊല്ലുമെന്ന് വാട്‌സാപ്പ് സന്ദേശം

നിഥിനാമോളെ കൊല്ലുമെന്ന് സൂചിപ്പിച്ച് പ്രതി അഭിഷേക് സുഹൃത്തിനയച്ച വാട്സാപ്പ് സന്ദേശം പോലീസ് കണ്ടെടുത്തു. ഇതുസംബന്ധിച്ച് മൊഴിയെടുത്തു. ഇതില്‍, നിഥിനാമോളെ കൊല്ലുമെന്നും അങ്ങനെ ചെയ്താല്‍ തൂക്കിക്കൊല്ലാന്‍ പോകുന്നില്ലെന്നും സൂചിപ്പിക്കുന്നുണ്ട്. പൈട്ടന്നുണ്ടായ വികാരത്തില്‍ ചെയ്തതാെണന്നും സ്വന്തം കൈമുറിച്ച് പെണ്‍കുട്ടിയെ പേടിപ്പിക്കാന്‍ കത്തി കരുതിയതാണെന്നുമുള്ള പ്രതിയുടെ വാദം ശിക്ഷയുടെ കാഠിന്യം കുറയ്ക്കാനാണെന്ന് പോലീസ് കരുതുന്നു. കൊല്ലാനുപയോഗിച്ച പേപ്പര്‍ കട്ടറില്‍ പ്രതി മാറ്റങ്ങള്‍ വരുത്തിയെന്നും പോലീസ് പറഞ്ഞു. മൂര്‍ച്ചയേറിയ ബ്ലേഡ് കൂത്താട്ടുകുളത്തെ ഒരു കടയില്‍നിന്ന് ഏതാനും ദിവസം മുമ്പ് വാങ്ങി സജ്ജമാക്കി. ഈ കടയില്‍ പ്രതിയെ എത്തിച്ച് തിങ്കളാഴ്ച തെളിവെടുക്കും.

അമ്മയെവിട്ട് നിഥിന യാത്രയായി

'ദേവൂ'... എന്ന വിളികേള്‍ക്കാന്‍ ഇനി നിഥിനയില്ല. അമ്മ ബിന്ദുവിന് എല്ലാ പ്രതീക്ഷയും അവളായിരുന്നു. ദുരിതങ്ങളില്‍ താങ്ങും തണലുമായിരുന്നു. എപ്പോഴും കൂട്ടായിരുന്ന അമ്മയെ തനിച്ചാക്കി അവള്‍ മടങ്ങി. പാലാ സെന്റ് തോമസ് കോളേജ് കാമ്പസില്‍ സഹപാഠിയുടെ കുത്തേറ്റുമരിച്ച തലയോലപ്പറമ്പ് കളപ്പുരയ്ക്കല്‍ ബിന്ദുവിന്റെ മകള്‍ നിഥിനയ്ക്ക് ദേശം അന്തിമോപചാരമര്‍പ്പിച്ചു. ഒരമ്മയ്ക്കും താങ്ങാനാകാത്ത ആ വേദന നാട് ഏറ്റുവാങ്ങി. നിഥിനയെ ഒരുനോക്കുകാണാന്‍ നാട്ടുകാരും സഹപാഠികളുമടക്കം വന്‍ജനാവലിയാണ് വീട്ടിലെത്തിയത്.

അവരോട് കണ്ണീരോടെ മകളുടെ കാര്യങ്ങള്‍ ഓരോന്നായി പറഞ്ഞ് അമ്മ നിലവിളിച്ചു. ഇടയ്ക്കിടെ 'ദേവൂ...' എന്ന് വിളിച്ചു. ആര്‍ക്കും അവരുടെ സങ്കടത്തിന് ആശ്വാസമാകാന്‍ കഴിഞ്ഞില്ല. ഞായറാഴ്ച 11 മണിയോടെ തലയോലപ്പറമ്പിലെ സ്വന്തം വീട്ടില്‍ അരമണിക്കൂറോളം മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചു. രണ്ടുമണിയോടെ മൃതദേഹം ബിന്ദുവിന്റെ വീടായ വല്ലകം തുറുവേലിക്കുന്ന് കുന്നേപ്പടി വീട്ടിലെത്തിച്ചു. ഉച്ചയ്ക്ക് രണ്ടരയോടെ സംസ്‌കാരം നടത്തി.

തോമസ് ചാഴികാടന്‍ എം.പി., എം.എല്‍.എ.മാരായ അഡ്വ. മോന്‍സ് ജോസഫ്, സി.കെ.ആശ, എന്‍.സി.പി. സംസ്ഥാന വൈസ് പ്രസിഡന്റ് ലതിക സുഭാഷ്, മഹിളാ മോര്‍ച്ച അഖിലേന്ത്യാ അധ്യക്ഷ പദ്മജ എസ്.മേനോന്‍, ഡി.വൈ.എഫ്.ഐ. സംസ്ഥാന പ്രസിഡന്റ് എസ്.സതീഷ്, യുവജന കമ്മിഷന്‍ ചെയര്‍പേഴ്സണ്‍ ചിന്താ ജെറോം, ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടേറിയറ്റംഗം ജെയ്ക്ക് സി.തോമസ്, സംസ്ഥാനകമ്മിറ്റിയംഗം ബിന്ദു അജി, സി.പി.എം. ജില്ലാ സെക്രട്ടറി എ.വി.റസല്‍, പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്, പാലാ സെന്റ് തോമസ് കോളേജ് പ്രിന്‍സിപ്പല്‍ ജെയിംസ് മംഗലത്തില്‍ തുടങ്ങിയവര്‍ അനുശോചനമറിയിക്കാന്‍ എത്തിയിരുന്നു.

ദേവു എനിക്ക് അനിയത്തിയായിരുന്നു...

'നിഥിന എനിക്ക് ദേവുവായിരുന്നു. എന്റെ സ്വന്തം അനിയത്തിമോള്‍.' നിഥിനയെ അമ്മ വിളിച്ചിരുന്ന ദേവു എന്നപേരില്‍ തന്നെയാണ് ഡോ. സുആന്‍ സഖറിയ സ്വന്തം ഫോണില്‍ അവളുടെ കോണ്ടാക്ട് സേവ് ചെയ്തിരിക്കുന്നത്. നിഥിനയുടെ മൃതദേഹത്തിനരികെ പൊട്ടിക്കരഞ്ഞുകൊണ്ട് അവളുടെ അമ്മ ഇരുന്നപ്പോള്‍, അവര്‍ക്ക് ധൈര്യം പകര്‍ന്ന് സുആനും ഒപ്പമുണ്ടായിരുന്നു.

കോട്ടയം മെഡിക്കല്‍ കോളേജിലെ അസോസിയേറ്റ് പ്രൊഫസറായ സുആന്‍ എട്ടുവര്‍ഷം മുമ്പാണ് ദേവുവിനെ പരിചയപ്പെടുന്നത്. അമ്മയുടെ രോഗവുമായി ബന്ധപ്പെട്ട ചികിത്സ മുഖേനയാണ് ബന്ധമാവുന്നത്. പിന്നെ അത് ആഴത്തിലുള്ളതായി. ഇടയ്ക്ക് ഫോണില്‍ വിളിക്കും, വാതോരാതെ സംസാരിക്കും. സംഭവം അറിഞ്ഞപ്പോള്‍ തകര്‍ന്നുപോയി. ആശുപത്രിയില്‍ എത്തുന്നതു വരെയെങ്കിലും ജീവന്‍ നിലനിന്നിരുന്നെങ്കില്‍ ഏതറ്റംവരെയും ഞാന്‍ കൊണ്ടുപോകുമായിരുന്നു. പക്ഷേ, സാധിച്ചില്ല. ദേവൂന്റെ അവസാന യാത്രയില്‍ ഒരുചേച്ചിയുടെ സ്ഥാനത്തുനിന്ന്, അമ്മയ്‌ക്കൊപ്പം കുറച്ചുസമയം നില്‍ക്കാന്‍ മാത്രമാണ് സാധിച്ചത്. - സുആന്‍ പറഞ്ഞു.

Content Highlights: Nidhina mol, abhishek baiju, Student murdered inside St Thomas College in Pala