പാലക്കാട്: സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും കേരളത്തിലെത്തിച്ചു. രാവിലെ 11.15 ഓടെയാണ് ബെംഗളൂരുവിൽനിന്നുള്ള എൻ.ഐ.എ. സംഘം പ്രതികളുമായി വാളയാർ അതിർത്തി കടന്നത്.
മൂന്ന് വാഹനങ്ങളിലായാണ് എൻ.ഐ.എ. സംഘം പ്രതികളുമായി സഞ്ചരിക്കുന്നത്. കേരളത്തിലേക്ക് പ്രവേശിച്ച വാഹനവ്യൂഹത്തിന് അതിർത്തി മുതൽ കേരള പോലീസിന്റെ അകമ്പടിയുമുണ്ട്.
പ്രതികളെ കൊണ്ടുവരുമെന്ന വിവരമറിഞ്ഞ് ഏതാനും കോൺഗ്രസ് പ്രവർത്തകർ വാളയാർ ചെക്ക്പോസ്റ്റിൽ എത്തിയിരുന്നു. എൻ.ഐ.എ. സംഘത്തിന് അഭിവാദ്യമർപ്പിച്ചുള്ള പ്ലക്കാർഡുകളുമായാണ് കോൺഗ്രസ് പ്രവർത്തകർ എത്തിയത്.
ഉച്ചയോടെ എൻ.ഐ.എ. സംഘം കൊച്ചിയിലെത്തും. ശേഷം ഇരുവരെയും എൻ.ഐ.എ.യും കസ്റ്റംസും വിശദമായി ചോദ്യംചെയ്യും. പ്രതികളെ ആദ്യം കൊച്ചിയിലെ എൻ.ഐ.എ. കേന്ദ്രത്തിലാകും എത്തിക്കുക. അതിനുശേഷം എൻ.ഐ.എ. കോടതിയിൽ ഹാജരാക്കും.
Content Highlights:nia team arrived in kerala with swapna suresh and sandeep nair