ന്യൂഡൽഹി/കണ്ണൂർ: ഐ.എസുമായി ബന്ധപ്പെട്ട കേസിൽ കേരളത്തിലും ഡൽഹിയിലും കർണാടകയിലുമായി പത്ത് കേന്ദ്രങ്ങളിൽ എൻ.ഐ.എ.യുടെ റെയ്‌ഡ്. കേരളത്തിൽ കണ്ണൂർ താണെയിലെ വീട്ടിലും മലപ്പുറം ചേളാരിയിലെ പോപ്പുലർഫ്രണ്ട് നേതാവിന്റെ വീട്ടിലുമാണ് റെയ്‌ഡ് നടക്കുന്നത്. കമാൻഡോകളടക്കം പങ്കെടുക്കുന്ന റെയ്‌ഡ് ഇപ്പോഴും തുടരുകയാണ്.

രണ്ട് ദിവസം മുമ്പ് എൻ.ഐ.എ. രജിസ്റ്റർ ചെയ്ത കേസുകളുമായി ബന്ധപ്പെട്ടാണ് തിങ്കളാഴ്ച രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ റെയ്‌ഡ് ആരംഭിച്ചത്. മലപ്പുറം ചേളാരിയിൽ പോപ്പുലർഫ്രണ്ട് ഏരിയ സെക്രട്ടറി ഹനീഫ ഹാജിയുടെ വീട്ടിലാണ് റെയ്‌ഡ് നടക്കുന്നത്.

ഡൽഹിയിൽ ജാഫറാബാദിലും ബെംഗളൂരുവിലെ രണ്ട് കേന്ദ്രങ്ങളിലും റെയ്‌ഡ് നടക്കുന്നതായാണ് വിവരം. പരിശോധനയുമായി ബന്ധപ്പെട്ട് ഏഴ് പേർ നിരീക്ഷണത്തിലാണെന്നും അഞ്ച് പേരെ അറസ്റ്റ് ചെയ്തതായും വിവരമുണ്ട്.

Content Highlights:nia raid in kannur malappuram and several locations in delhi and karnataka