ചെന്നൈ: തമിഴ്നാട്ടിലെ ഏഴ് മതമൗലികവാദികള്‍കൂടി ദേശീയ അന്വേഷണ എജന്‍സി(എന്‍.ഐ.എ.)യുടെ പിടികിട്ടാപ്പുള്ളി പട്ടികയില്‍. തമിഴ്നാട് പോലീസ് വര്‍ഷങ്ങളായി തിരയുന്ന ഹാജാ ഫക്രുദ്ദീനും മറ്റ് ആറു പേരുമാണ് എന്‍.ഐ.എ.യുടെ പട്ടികയിലുള്ളത്.

ഇസ്ലാമിക് സ്റ്റേറ്റു(ഐ.എസ്.)മായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചതും തമിഴ്നാട്ടില്‍നിന്ന് സംഘടനയിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്തതുമാണ് ഫക്രുദ്ദീന്റെ പേരിലുള്ള കുറ്റം. കടലൂര്‍ സ്വദേശിയായ ഫക്രുദ്ദീന്‍ 2013-ല്‍ സിങ്കപ്പൂരില്‍ ജോലി ചെയ്യവേയാണ് ഐ.എസില്‍ ആകൃഷ്ടനാകുന്നത്. തുടര്‍ന്ന് സിറിയയിലേക്ക് പോകുകയും ഐ.എസില്‍ ചേരുകയും 2016 വരെ അവിടെ പ്രവര്‍ത്തിക്കുകയുംചെയ്തു. ഐ.എസില്‍ ചേര്‍ന്നതായും അതിലേക്ക് യുവാക്കളെ റിക്രൂട്ടുചെയ്തതായും അറിഞ്ഞതോടെ 2017-ല്‍ തമിഴ്നാട് ഫക്രുദ്ദീന്റെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. എന്നാല്‍, ഇയാളെ അറസ്റ്റുചെയ്യാന്‍ പോലീസിന് കഴിഞ്ഞില്ല.

2017-ല്‍ തഞ്ചാവൂരിലെ പി.എം.കെ. നേതാവ് വി. രാമലിംഗത്തെ കൊലചെയ്ത കേസില്‍ പ്രതികളായ എം. റഹ്മാന്‍ സാദിക്ക് (39), മുഹമ്മദ് അലി ജിന്ന (34), അബ്ദുള്‍ മജീദ് (37), ബുര്‍ക്കനുദ്ദീന്‍ (28), ഷാഹുല്‍ ഹമീദ് (27), നൗഫല്‍ ഹസ്സന്‍( 28) എന്നിവരാണ് എന്‍.ഐ.എ.യുടെ പട്ടികയിലുളള മറ്റുള്ളവര്‍. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ് ആറുപേരും.

Content Highlights: nia most wanted criminal list tamilnadu