ചെന്നൈ: ഹിന്ദുമത സംഘടനാ നേതാക്കളെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിനടന്ന യുവാവിനെ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ.) അറസ്റ്റ് ചെയ്തു. ഐ.എസ്. തീവ്രവാദി ഗ്രൂപ്പുമായി ബന്ധമുള്ള കോയമ്പത്തൂർ മരക്കടൈ സ്വദേശി എ.മുഹമ്മദ് ആഷിഖ് (25) ആണ് പിടിയിലായത്. വെള്ളിയാഴ്ച പുലർച്ചെ രണ്ടരയോടെ മയിലാടുതുറൈയ്ക്ക് സമീപമുള്ള നീടൂരിൽ വെച്ചായിരുന്നു അറസ്റ്റ്. നിരോധിത സംഘടനയായ ഐ.എസുമായി ഇയാൾ ബന്ധം പുലർത്തിയിരുന്നതായി തെളിവുകളുണ്ടെന്ന് എൻ.ഐ.എ. വൃത്തങ്ങൾ അറിയിച്ചു.

2018-ൽ കോയമ്പത്തൂരിൽ ഹിന്ദു മതസംഘടനാ നേതാക്കളെ വധിക്കാൻ ഗൂഢാലോചന നടത്തിയ സംഘത്തിലെ മുഖ്യപ്രതിയാണ്. മുഹമ്മദ് ആഷിഖ്. 2018 സെപ്റ്റംബറിൽ ഈ സംഘത്തെ എൻ.ഐ.എ. അറസ്റ്റ് ചെയ്തിരുന്നു. 2019-ൽ ചെന്നൈ പൂനമല്ലിയിലെ എൻ.ഐ.എ. കേസുകൾക്കായുള്ള പ്രത്യേക കോടതിയിൽ നടന്ന വിചാരണയിൽ മുഹമ്മദ് ആഷിഖ് ജാമ്യത്തിൽ പുറത്തിറങ്ങുകയായിരുന്നു. പിന്നീട് കോടതിയിൽ ഹാജരാകാൻ പലവട്ടം ആവശ്യപ്പെട്ടപ്പോഴും ഇയാൾ വിട്ടുനിന്നു. ഇതേത്തുടർന്ന് ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിരുന്നു.

ആറു മാസം മുമ്പാണ് മുഹമ്മദ് ആഷിഖ് മയിലാടുതുറൈയിലെത്തിയത്. നീടൂരിലെ ഒരു ചിക്കൻ കടയിൽ വ്യാജപേരിൽ ജോലി ചെയ്യുകയായിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എൻ.ഐ.എ. സംഘം ലോക്കൽ പോലീസിന്റെ സഹായത്തോടെ വെള്ളിയാഴ്ച പുലർച്ചെ ചിക്കൻ കടയിലെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പിന്നീട് ചെന്നൈയിലെത്തിച്ച് പ്രത്യേക കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 2018-ലാണ് മുഹമ്മദ് ആഷിഖിന്റെ നേതൃത്വത്തിൽ ഏഴ് പേർ ചേർന്ന് കോയമ്പത്തൂരിൽ കൂട്ടായ്മയുണ്ടാക്കിയത്. ഐ.എസുമായി ഇവർ നിരന്തരം ബന്ധപ്പെട്ടിരുന്നതായി തെളിവുകൾ ലഭിച്ചിരുന്നുവെന്ന് എൻ.ഐ.എ. വൃത്തങ്ങൾ അറിയിച്ചു.