തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ സനലിന്റെ കൊലപാതകം പോലീസ് ഒതുക്കിതീര്‍ക്കാന്‍ ശ്രമിച്ചതായി വെളിപ്പെടുത്തല്‍. സനലിനെ ആശുപത്രിയിലെത്തിച്ചപ്പോള്‍ സംഭവം അപകടമരണമാണെന്ന് പറഞ്ഞ് ഡി.വൈ.എസ്.പിയെ രക്ഷിക്കാന്‍ നീക്കം നടത്തിയതായി സനലിന്റെ സുഹൃത്ത് പ്രവീണ്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. 

സനലിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചപ്പോഴാണ് സംഭവം അപകടമരണമാണെന്ന് പോലീസ് ആശുപത്രി അധികൃതരോട് പറഞ്ഞത്. റോഡുമുറിച്ച് കടക്കുമ്പോള്‍ അപകടം സംഭവിച്ചുവെന്നായിരുന്നു പോലീസുകാര്‍ ഡോക്ടര്‍മാരെ അറിയിച്ചത്. ആശുപത്രി രേഖകളില്‍ ഇങ്ങനെ എഴുതിചേര്‍ക്കുകയും ചെയ്തു. പിന്നീട് താനടക്കമുള്ള സുഹൃത്തുക്കളാണ് ഡോക്ടര്‍മാരെ കാര്യങ്ങള്‍ അറിയിച്ചതെന്നും, ഇതിനുശേഷമാണ് അപകടമരണമെന്നത് മാറ്റിയെഴുതിയതെന്നും പ്രവീണ്‍ വ്യക്തമാക്കി. രംഗം വഷളായതോടെ പോലീസുകാര്‍ ആശുപത്രിയില്‍നിന്ന് മടങ്ങിയെന്നും പ്രവീണ്‍ പറഞ്ഞു. 

സനലിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോള്‍ താനടക്കമുള്ള സുഹൃത്തുക്കളെ പോലീസ് ഒഴിവാക്കിയെന്ന് സനലിന്റെ മറ്റൊരു സുഹൃത്തായ രഞ്ജുവും വെളിപ്പെടുത്തി. അതേസമയം, സനല്‍ കൊലപാതകക്കേസിലെ പ്രതി ഡി.വൈ.എസ്.പി. ബി.ഹരികുമാറിനെ ഇതുവരെ പിടികൂടാനായിട്ടില്ല. സംഭവം നടന്ന് അഞ്ച് ദിവസത്തിനുശേഷവും ഡി.വൈ.എസ്.പിക്കായുള്ള തിരച്ചില്‍ തുടരുകയാണ്.