തിരുവനന്തപുരം: ബെവ്‌കോ തൊഴില്‍ തട്ടിപ്പ് കേസില്‍ സരിത എസ്.നായരെ അറസ്റ്റ് ചെയ്യാന്‍ നെയ്യാറ്റിന്‍കര പോലീസ് കോഴിക്കോട്ടേക്ക് യാത്രതിരിച്ചു. നെയ്യാറ്റിന്‍കര എസ്.ഐ. ഉള്‍പ്പെടെയുള്ളവരാണ് പോലീസ് സംഘത്തിലുള്ളത്. കോടതിയുടെ അനുമതി ലഭിച്ചാല്‍ വെള്ളിയാഴ്ച തന്നെ സരിതയുടെ അറസ്റ്റ് രേഖപ്പെടുത്തും. 

കഴിഞ്ഞദിവസം കോഴിക്കോട് കസബ പോലീസാണ് സരിത നായരെ തിരുവനന്തപുരത്തുനിന്ന് അറസ്റ്റ് ചെയ്തത്. കോഴിക്കോട്ടെ സോളാര്‍ തട്ടിപ്പ് കേസിലായിരുന്നു പോലീസിന്റെ നടപടി. ഇത്രയുംകാലം സരിത തിരുവനന്തപുരത്ത് ഉണ്ടായിട്ടും തൊഴില്‍ തട്ടിപ്പ് കേസില്‍ നെയ്യാറ്റിന്‍കര പോലീസ് സരിതയെ കസ്റ്റഡിയിലെടുത്തിരുന്നില്ല. ഇവരെ വിളിപ്പിക്കാനോ ചോദ്യംചെയ്യാനോ തയ്യാറായതുമില്ല. സരിത ഒളിവിലാണെന്നും തിരച്ചില്‍ നടത്തുകയാണെന്നുമായിരുന്നു നെയ്യാറ്റിന്‍കര പോലീസ് ഇതുവരെ പറഞ്ഞിരുന്നത്. 

എന്നാല്‍ കഴിഞ്ഞദിവസം കസബ പോലീസ് തിരുവനന്തപുരത്ത് എത്തി സരിത നായരെ പിടികൂടിയതോടെ നെയ്യാറ്റിന്‍കര പോലീസും പ്രതിരോധത്തിലായി. തുടര്‍ന്നാണ് സരിതയുടെ അറസ്റ്റ് രേഖപ്പെടുത്താന്‍ നെയ്യാറ്റിന്‍കര പോലീസ് കോഴിക്കോട്ടേക്ക് പുറപ്പെട്ടത്. 

ബെവ്‌കോ, കെടിഡിസി എന്നീ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ തൊഴില്‍ വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന കേസില്‍ മാസങ്ങള്‍ക്ക് മുമ്പേ പോലീസിന് പരാതി ലഭിച്ചിരുന്നു. എന്നാല്‍ പരാതിയില്‍ പോലീസ് അന്വേഷണം വൈകിപ്പിച്ചു. ഒടുവില്‍ നിയമസഭ തിരഞ്ഞെടുപ്പിന് പിന്നാലെയാണ് അന്വേഷണം ശക്തമാക്കിയത്. ദിവസങ്ങള്‍ക്ക് മുമ്പ് കേസിലെ ഒന്നാംപ്രതിയും കുന്നത്തുകാലിലെ സി.പി.ഐ പഞ്ചായത്ത് അംഗവുമായ രതീഷിനെ പോലീസ് അറസ്റ്റ് ചെയ്തു. കേസിലെ മൂന്നാംപ്രതിയാണ് സരിത എസ്. നായര്‍. അതേസമയം, കേസില്‍ രണ്ടാംപ്രതിയായ ഷാജു പാലിയോട് ഇപ്പോഴും ഒളിവിലാണെന്നാണ് നെയ്യാറ്റിന്‍കര പോലീസ് പറയുന്നത്. 2016-ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ പാറശ്ശാലയില്‍നിന്ന് സ്വതന്ത്രനായി മത്സരിച്ച വ്യക്തിയാണ് ഷാജു. 

Content Highlights: neyyatinkara police going to kozhikode to arrest saritha s nair in bevco job fraud case