തിരുവനന്തപുരം: കഞ്ചാവടിച്ച് സ്കൂളിൽ കിടന്നുറങ്ങിയ പിടികിട്ടാപ്പുള്ളികളെ പോലീസ് പിടികൂടി. നെയ്യാറ്റിൻകര പെരുമ്പഴുതൂരിലാണ് സംഭവം. പെരുമ്പഴുതൂർ സ്വദേശി ശോഭലാൽ, സുധി സുരേഷ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരോടൊപ്പമുണ്ടായിരുന്ന മറ്റൊരാൾ പോലീസ് ചോദ്യം ചെയ്യുന്നതിനിടെ സ്കൂളിന്റെ മതിൽ ചാടി ഓടിരക്ഷപ്പെട്ടു. ഇയാളെ ഇതുവരെ പിടികൂടാനായിട്ടില്ല.

ബുധനാഴ്ച രാവിലെ നാട്ടുകാരിലൊരാളാണ് മൂന്ന് യുവാക്കൾ സ്കൂളിന്റെ വരാന്തയിൽ പായ വിരിച്ച് കിടന്നുറങ്ങുന്നത് കണ്ടത്. ഇദ്ദേഹം സ്കൂൾ പി.ടി.എ. പ്രസിഡന്റിനെ വിവരമറിയിച്ചു. പി.ടി.എ. പ്രസിഡന്റ് പോലീസിനും വിവരം കൈമാറി. തുടർന്ന് പോലീസ് സംഘം സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് പിടികിട്ടാപ്പുള്ളികളാണ് സ്കൂളിന്റെ വരാന്തയിൽ കിടന്നുറങ്ങുന്നതെന്ന് കണ്ടെത്തിയത്.

കഞ്ചാവടിച്ച് കിറുങ്ങി ഉറങ്ങിപ്പോയ മൂവരെയും പോലീസുകാരാണ് വിളിച്ച് എഴുന്നേൽപ്പിച്ചത്. ഇവർ കിടന്നിരുന്നതിന് സമീപത്തുനിന്ന് മദ്യക്കുപ്പികളും മറ്റു ലഹരിവസ്തുക്കളും കണ്ടെത്തി. എന്നാൽ പോലീസ് ചോദ്യം ചെയ്യുന്നതിനിടെ സംഘത്തിലെ ഒരാൾ ഓടിരക്ഷപ്പെട്ടു. പോലീസുകാർ പിന്നാലെ ഓടിയെങ്കിലും ഇയാൾ മതിൽ ചാടി കടന്ന് രക്ഷപ്പെടുകയായിരുന്നു.

സ്കൂളിൽ കിടന്നുറങ്ങിയ മൂന്നു പേർക്കുമെതിരേ ഒട്ടേറെ ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. മോഷണക്കേസുകൾ, അടിപിടിക്കേസുകൾ തുടങ്ങിയവയാണ് ഇവർക്കെതിരേ നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. അറസ്റ്റ് ചെയ്ത രണ്ടുപേരെയും പിന്നീട് കോടതിയിൽ ഹാജരാക്കി.

Content Highlights:neyyatinkara criminal case accused slept in school after using ganja police arrested two