ചെന്നൈ: കടലമാവാണെന്ന് തെറ്റിദ്ധരിച്ച് കീടനാശിനിപ്പൊടി കലര്‍ത്തി ബോണ്ടയുണ്ടാക്കി കഴിച്ച യുവദമ്പതിമാര്‍ മരിച്ചു. യുവാവിന്റെ മാതാപിതാക്കളെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആര്‍ക്കോണം എസ്.ആര്‍. കണ്ടിക്കൈ ഗ്രാമത്തില്‍ താമസിച്ചിരുന്ന സുകുമാറും ഭാര്യ ഭാരതിയുമാണ് മരിച്ചത്.

സുകുമാറിന്റെ അച്ഛന്‍ പെരിയസാമിയും അമ്മ ലക്ഷ്മിയും സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഭാരതി ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് പെരിയസാമിയാണ് കഴിഞ്ഞ ദിവസം കടലമാവ് വാങ്ങിയത്. അതിനൊപ്പം കീടനാശിനിയും വാങ്ങിയിരുന്നു. ഇക്കാര്യം അറിയാതിരുന്ന ഭാരതി വീട്ടില്‍ കടലമാവിനൊപ്പമുണ്ടായിരുന്ന കീടനാശിനി ബോണ്ടയുണ്ടാക്കുന്നതിന് ഉപയോഗിക്കുകയായിരുന്നു. ആദ്യം സുകുമാറും ഭാരതിയും ലക്ഷ്മിയും ബോണ്ട കഴിച്ചു. ആ സമയം വീട്ടിലില്ലാതിരുന്ന പെരിയസാമി തിരിച്ചെത്തിയപ്പോള്‍ ഇയാള്‍ക്കും നല്‍കി.

രുചിവ്യത്യാസം തോന്നിയതിനെത്തുടര്‍ന്ന് ഇയാള്‍ അന്വേഷിച്ചപ്പോഴാണ് കടലമാവിന് പകരം കീടനാശിനിയാണ് ഉപയോഗിച്ചതെന്ന് മനസ്സിലായത്. തളര്‍ച്ചയെത്തുടര്‍ന്ന് നാലു പേരെയും ആദ്യം സര്‍ക്കാര്‍ ആശുപത്രിയിലും പിന്നീട് സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സ ഫലിക്കാതെ ഭാരതി തിങ്കളാഴ്ചയും സുകുമാര്‍ ചൊവ്വാഴ്ച രാത്രിയിലും മരിച്ചു. പെരിയസാമിയും ലക്ഷ്മിയും അപകടനില തരണം ചെയ്തിട്ടില്ല. സംഭവത്തില്‍ പോലീസ് കേസെടുത്തു. മാസങ്ങള്‍ക്ക് മുമ്പായിരുന്നു സുകുമാറിന്റെയും ഭാരതിയുടെയും വിവാഹം.

Content Highlights: newlywed couple died after eating pesticides mixed bonda in tamilnadu