കോട്ടയ്ക്കല്‍: നവവരനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച സംഭവത്തില്‍ ആറുപേര്‍ അറസ്റ്റില്‍. ചങ്കുവെട്ടി എടക്കണ്ടന്‍ അബ്ദുള്‍അസീസിന്റെ മകന്‍ അബ്ദുള്‍ഹസീബിനെ (30) മര്‍ദിച്ച കേസില്‍ ഭാര്യാപിതാവും ബന്ധുക്കളുമുള്‍പ്പെടെ ആറുപേരെയാണ് അറസ്റ്റ് ചെയ്തത്.

ഹസീബിന്റെ ഭാര്യാപിതാവ് ഒതുക്കുങ്ങല്‍ മാണൂര്‍ കിഴക്കേപ്പറമ്പന്‍ ഷംസുദ്ദീന്‍, സഹോദരന്‍ കെ.പി. സഫീറലി (31), ഷംസുദ്ദീന്റെ ഭാര്യയുടെ ബന്ധുക്കളായ പറപ്പൂര്‍ ചോലപ്പുറത്ത് മജീദ് (38), ചോലപ്പുറത്ത് ഷെഫീഖ് (30), ചോലപ്പുറത്ത് അബ്ദുള്‍ജലീല്‍ (34), ചോലപ്പുറത്ത് മുസ്തഫ (62) എന്നിവരാണ് അറസ്റ്റിലായത്.

ഏഴാം പ്രതി കിഴക്കേപ്പറമ്പന്‍ ലത്തീഫ് ഒളിവിലാണ്. ഹസീബിന്റെ മൊഴിയനുസരിച്ച് തട്ടിക്കൊണ്ടുപോകല്‍, ആയുധം കാട്ടി ഭീഷണിപ്പെടുത്തല്‍, വധശ്രമം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തത്.

മര്‍ദനത്തില്‍ ജനനേന്ദ്രിയത്തിനും വാരിയെല്ലിനും പരിക്കേറ്റ ഹസീബ് ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ആക്രമണത്തിനുപിന്നില്‍ ഹസീബും ഭാര്യയുടെ കുടുംബവും തമ്മിലുള്ള തര്‍ക്കം മാത്രമാണെന്ന് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ എം.കെ. ഷാജി പറഞ്ഞു. 

കഴിഞ്ഞ ഏപ്രിലിലാണ് ഇവര്‍ വിവാഹിതരാകുന്നത്. ഇവര്‍ തമ്മിലുള്ള ബന്ധം വഷളായതിനെത്തുടര്‍ന്ന് ഹസീബിന്റെ ഭാര്യ സ്വന്തം വീട്ടിലേക്ക് തിരിച്ചുവന്നിരുന്നു.

തിങ്കളാഴ്ച രാവിലെ 11.30-ഓടെയാണ് കാറിലെത്തിയ സംഘം, കോട്ടയ്ക്കല്‍ മിനിറോഡില്‍ ഓട്ടോ കണ്‍സള്‍ട്ടന്‍സി നടത്തുന്ന ഹസീബിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചത്. വിവാഹമോചനം ആവശ്യപ്പെട്ടായിരുന്നു മര്‍ദനം.

ഹസീബിന്റെ സഹോദരന്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കോട്ടയ്ക്കല്‍ പോലീസ് ഒതുക്കുങ്ങലിലെ ഭാര്യവീട്ടിലെത്തി ഹസീബിനെ മോചിപ്പിക്കുകയായിരുന്നു. ഷംസുദ്ദീന്‍ ഉള്‍പ്പെടെ ആറുപേരെയും കസ്റ്റഡിയിലെടുത്തു. പ്രതികളെ ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കി.