ഭോപ്പാൽ: വിവാഹം കഴിഞ്ഞ് രണ്ടുദിവസത്തിന് ശേഷം നവവരനെ കൊന്ന് വനത്തിൽ തള്ളിയത് മുൻകാമുകിയെന്ന് പോലീസ്. മധ്യപ്രദേശിലെ ജബൽപുർ ജില്ലയിലെ ഗുർജി സ്വദേശി സോനു പട്ടേലിനെ(26)യാണ് ബന്ധവും മുൻകാമുകിയുമായ മാധു പട്ടേൽ കൊലപ്പെടുത്തിയത്. കേസിൽ മാധുപട്ടേലിനെയും കൊലപാതകത്തിന് സഹായിച്ച യുവതിയുടെ ബന്ധുവിനെയും പോലീസ് അറസ്റ്റ് ചെയ്തു.

മെയ് 16-ാം തീയതിയാണ് മൊബൈൽ ഫോൺ റിപ്പയർ ചെയ്യാനായി വീട്ടിൽനിന്ന് പോയ സോനു പട്ടേലിനെ കാണാതായത്. മെയ് 14-നായിരുന്നു സോനുവിന്റെ വിവാഹം. യുവാവിനെ കാണാതായതോടെ ബന്ധുക്കൾ പോലീസിൽ പരാതി നൽകി. അന്വേഷണം നടക്കുന്നതിനിടെ ഹർഗദ്ദിലെ വനത്തിൽനിന്ന് മെയ് 24-ാം തീയതി സോനുവിന്റെ മൃതദേഹം കണ്ടെത്തി. സംഭവം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചതോടെ പിന്നീട് പ്രതികളെ കണ്ടെത്താനായിരുന്നു പോലീസിന്റെ അന്വേഷണം.

ഇതിനിടെയാണ് സോനുപട്ടേലും ബന്ധുവായ മാധുപട്ടേലും തമ്മിൽ പ്രണയത്തിലായിരുന്നുവെന്ന് പോലീസിന് വിവരം ലഭിച്ചത്. തുടർന്ന് മാധുപട്ടേലിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെ കൊലപാതകത്തിന്റെ ചുരുളഴിയുകയായിരുന്നു.

മാധുപട്ടേലിന്റെ സഹോദരനെ സോനുവിന്റെ സഹോദരി 2016-ൽ വിവാഹം കഴിച്ചതിന് പിന്നാലെയാണ് മാധുവും സോനുവും അടുപ്പത്തിലാകുന്നത്. സോനുവിനെ വിവാഹം കഴിക്കണമെന്നായിരുന്നു യുവതിയുടെ ആഗ്രഹം. എന്നാൽ അടുത്തിടെ മറ്റൊരാളുമായി യുവതിയുടെ വിവാഹം ഉറപ്പിച്ചു. ഇതേസമയം സോനുവിന്റെ വിവാഹവും നിശ്ചയിച്ചിരുന്നു. ഇതിനിടെ, മാസങ്ങൾക്ക് മുമ്പ് സോനുപട്ടേൽ മാധുവിന്റെ ഒരു സ്വകാര്യ വീഡിയോ ഫോണിൽ ചിത്രീകരിച്ചിരുന്നു. ഈ വീഡിയോ ബന്ധുക്കൾക്ക് അയച്ചുനൽകുമെന്നും ഇയാൾ പറഞ്ഞു. ഇക്കാരണത്താൽ യുവതിയുടെ വിവാഹം മുടങ്ങി. ഇതിനുപിന്നാലെയാണ് സോനുപട്ടേൽ മെയ് 14-ാം തീയതി വിവാഹിതനായത്. തുടർന്ന് മെയ് 16-ാം തീയതി സോനുവിനെ കാണാനെത്തിയ മാധുപട്ടേൽ കല്ല് കൊണ്ട് തലയ്ക്കടിച്ചാണ് കൊലപാതകം നടത്തിയതെന്നാണ് പോലീസ് പറയുന്നത്. പിന്നീട് ബന്ധുവിന്റെ സഹായത്തോടെ മൃതദേഹം വനത്തിൽ ഉപേക്ഷിക്കുകയായിരുന്നു. സംഭവത്തിൽ രണ്ട് പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തു.

Content Highlights:newly wed man killed by ex girlfriend in jabalpur madhya pradesh